കണ്ണൂർ പിലാത്തറയിൽ കാർ തകർത്ത നിലയിൽ; ചോരപ്പാടുകളും സ്ത്രീകളുടെ വസ്ത്രങ്ങളും കണ്ടെത്തി, സംഭവത്തിൽ ദുരൂഹത
പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കാർ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തി. ചോര ഒഴുകി കട്ടപിടിച്ച പാടുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള യാത്രാസാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി .
കെ.എൽ.58 എ.എൻ-2059 നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള സുസുക്കി ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് . പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് ഈ കാർ എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
കാറിനകത്തെ സീറ്റുകളും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണ്ണമായും അഴിച്ചുമാറ്റിയോ തകർത്തോ പരിശോധിച്ചിട്ടുണ്ട് . വണ്ടിയിലുണ്ടായിരുന്ന ബാഗുകൾ, തുണികൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കാർ കവർതുടങ്ങിയവയെല്ലാം വണ്ടിയുടെ പുറത്ത് വശങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. വണ്ടിയുടെ ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലാണ്.
സ്വർണ്ണവ്യാപരികളെന്ന് സംശയം വൻ കവർച്ചാശ്രമമെന്ന് സൂചനകാറിലുണ്ടായിരുന്നത് സ്വർണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിനുള്ളിലെ രഹസ്യ അറകളിലോ മറ്റോ ഒളിപ്പിച്ചിരുന്ന സ്വർണ്ണമോ പണമോ കവരുന്നതിനായി വണ്ടി തടഞ്ഞുനിർത്തി ആക്രമിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്. വണ്ടിക്ക് അകത്തുള്ള ഭാഗങ്ങൾ വരെ കുത്തിപ്പൊളിച്ച നിലയിലായതിനാൽ കൃത്യമായ ആസൂത്രണത്തോടെയുള്ള കൊള്ളയാണ് നടന്നതെന്ന് കരുതുന്നു.
ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കാർ ഈ അവസ്ഥയിൽ ഒഴിഞ്ഞ പറമ്പിൽ ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം പരിയാരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.
കുഴൽപ്പണ-പിടിച്ചുപറി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
മാസങ്ങൾക്ക് മുൻപും പിലാത്തറ ഭാഗത്ത് സ്വർണ്ണക്കവർച്ചാ സംഘങ്ങളും കുഴൽപ്പണ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഈ പശ്ചാത്തലത്തിൽ, അന്തർസംസ്ഥാന ബന്ധമുള്ള പ്രൊഫഷണൽ കൊള്ളസംഘങ്ങളാണോ ഈ ആക്രമണത്തിന് പിന്നിലെന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കാറിലെ ചോരപ്പാടുകൾ വലിയൊരു അക്രമം നടന്നതിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ, പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Comments
Post a Comment