യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. എ ഗ്രൂപ്പ് നോമിനിയായ രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥിയും ഐ ഗ്രൂപ്പ് നോമിനിയുമായ അഡ്വ. അബിൻ വർക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി മൂന്നാമതെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ അടക്കം 13 പേര്‍ മത്സരംഗത്തുണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും തമ്മിലായിരുന്നു. അബിൻ വർക്കി, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്. 7,29,626 വോട്ടുകളായിരുന്നു പോള്‍ ചെയ്തത്. 2,16,462 വോട്ടുകള്‍ അസാധുവായിരുന്നു.
പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി അംഗവുമാണ്. കെ.എസ്‍.യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു ദേശീയ സെക്രട്ടറി പദവികളും വഹിച്ചിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയ രാഹുൽ എം.ജി സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുകയാണ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ അബിൻ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. എൻ.എസ്.യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിലും ലോ അക്കാദമിയിൽനിന്ന് നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്.

Comments
Post a Comment