റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി.

 


തിരുവനന്തപുരം : റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർ കെ. മനോജ് കുമാർ ബസിന്റെ പെർമിറ്റ് റദ്ദാക്കിയത്. പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി. കോഴിക്കോട് സ്വദേശിയായ കെ. കിഷോറിന്റെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.


മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിലോടുന്ന റോബിൻ ബസിന് നിരവധി തവണയാണ് പിഴയീടാക്കിയത്. സാധുതയുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റി ല്ലാതെ യാത്രക്കാരിൽനിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്. ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിലാണ് കോൺട്രാക്ട് കാരിയേജ് ബസായ റോബിൻ സ്റ്റേജ് കാരിയേജായി സർവിസ് നടത്തിയത്. ബസിനുമുന്നിൽ ബോർഡും യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജും ഈടാക്കിയാണ് റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് നടത്തിയത്. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ തമിഴ്നാട് മോട്ടാർ വാഹനവകുപ്പും 10,000 രൂപ പിഴ ഈടാക്കിയിരുന്നു. നിരന്തരമായി ലംഘനത്തെ തുടർന്നാണ് ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റിയത്. ഇതിനിടെ ബസ് നടത്തിപ്പ് ചുമതലയുള്ള ഗിരീഷിനെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്തിരുന്നു. 2012ൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. തുടർന്ന് കോടതി ഗിരീഷിന് ജാമ്യം അനുവദിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.