പ്രമേഹത്തെതുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാല്‍പാദം മുറിച്ചുമാറ്റി

 



കൊച്ചി:കടുത്ത പ്രമേഹതുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാല്‍പാദം മുറിച്ചുമാറ്റി. കാലിലുണ്ടായ അണുബാധ കുറയാത്ത സാഹചര്യത്തിലാണ് കാല്‍പാദം മുറിച്ചുമാറ്റേണ്ടിവന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്.


2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ വേണ്ടിവരും. കുറച്ചുനാളായി പൊതുപരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്ന വസ്തുതകൂടി കണക്കിലെടുത്താണ് സ്ഥാനമാറ്റം സംബന്ധിച്ച ആലോചന നടക്കുന്നത്. പാർട്ടി രീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്ത് തുടരാം.

പൊതുപരിപാടികളിൽ ഇല്ലെങ്കിലും സെക്രട്ടറിയെന്നനിലയിൽ പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കാനത്തിന്റേതാണ്. ഭരണകാര്യങ്ങളിൽ മന്ത്രിമാർ വിവരം ധരിപ്പിക്കുന്നതും അവർക്കുള്ള നിർദേശങ്ങൾ നൽകുന്നതും കാനംതന്നെ. നിലവിൽ സംസ്ഥാനസെക്രട്ടറിക്കുതാഴെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർകൂടിയുണ്ട് -ഇ. ചന്ദ്രശേഖരനും പി.പി. സുനീറും. ഇവരിൽ ആർക്കെങ്കിലും സെക്രട്ടറിയുടെ ചുമതല താത്കാലികമായി നൽകാം. എന്നാൽ, തിരുവനന്തപുരം കേന്ദ്രമാക്കിയല്ല ഇരുവരുടെയും പ്രവർത്തനമെന്ന ന്യൂനതയുണ്ട്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം