കണ്ണൂര്‍: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ മലയോരത്ത് വ്യാപക നാശം.ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ

 ഉരുള്‍പൊട്ടല്‍,മലവെള്ളപ്പാച്ചില്‍: തീവ്രമഴയിൽ പുഴകൾ കര കവിഞ്ഞൊഴുകുന്നു.





കണ്ണൂര്‍: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ മലയോരത്ത് വ്യാപക നാശം.ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വെള്ളം കയറി മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.വീടുകളിലും നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.പേരാവൂരില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു.അടക്കാത്തോട് മോസ്‌കോയില്‍ മണ്ണിടിഞ്ഞ് വീട് ഭീഷണിയിലായി.കനത്ത മഴ തുടരുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.



കര്‍ണ്ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചലില്‍ മണിക്കടവ് ചപ്പാത്ത് പാലം , വട്ട്യംതോട്, വയത്തൂര്‍ പാലങ്ങളില്‍ വെള്ളം കയറി. നുച്യാട് , പൊയ്യൂര്‍ക്കരി, മുണ്ടാനൂര്‍ മേഖലകളിലെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. മണിക്കടവില്‍ രണ്ടു വീടുകളിലും നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു കുത്തൊഴുക്ക് തുടങ്ങിയത്. കര്‍ണാടക വനമേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴതുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജിയും ഉളിക്കല്‍ പൊലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടു.


പേരാവൂര്‍ തെറ്റുവഴി റോഡില്‍ ഇന്നലെ രാവിലെ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. പേരാവൂര്‍ ഇരിട്ടി റോഡില്‍ കല്ലേരിമല പെട്രോള്‍ പമ്ബിന് സമീപം മരകൊമ്ബ് ഒടിഞ്ഞുവീണും കുറച്ച്‌ സമയം ഗതാഗതം തടസ്സപ്പെട്ടു.. പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ ചെവിടിക്കുന്നില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.


കനത്ത മഴയില്‍ അടക്കാത്തോട് മോസ്‌കോയിലെ റോബിൻസ് താന്നിവേലിയുടെ വീടിന്റെ പിൻവശത്ത് മണ്ണിടിഞ്ഞു. മണ്‍തിട്ടയിലുണ്ടായ വിള്ളലുകള്‍ ഭീഷണിയായി തുടരുകയാണ്.കാര്‍ത്തികപുരത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുകളില്‍ മരം കടപുഴകി വീണു


ആലക്കോട് മേഖലയില്‍ പത്ത് വീടുകള്‍ തകര്‍ന്നു.മലവെള്ളപ്പാച്ചിലില്‍ നിരവധി റോഡുകള്‍ അപകടാവസ്ഥയിലായി. പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു.ഉദയഗിരി, ആലക്കോട്, നടുവില്‍ പഞ്ചായത്തുകളിലെ മാമ്ബൊയില്‍, പരപ്പ, കാപ്പിമല, ഫര്‍ല്ലോങ്കര,നൂലിട്ടാമല, തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്.ശക്തിയായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു.ഇലക്‌ട്രിക് പോസ്റ്റുകള്‍ മരം വീണ് വ്യാപകമായി തകര്‍ന്നതിനെത്തുടര്‍ന്ന് മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്.


തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കെ.മധു എന്നവരുടെ വീടിന് മുകളിലേക്ക് തേക്ക് മരം പൊട്ടിവീണു.ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം പൊട്ടിവീണത്. വീടിന്റെ വരാന്തയ്ക്ക് മുകളില്‍ മരം വീണ് കേടുപാട് സംഭവിച്ചു. .സമീപത്തുണ്ടായ കാറിനും നാശനഷ്ടമുണ്ടായി. സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം