ക്ഷേമ പെൻഷൻ മസ്റ്ററിങ് നാളെ അവസാനിക്കും



സംസ്ഥാനത്തെ സാമൂഹിക ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ജൂലായ് 31-ന് അവസാനിക്കും. 14 ലക്ഷത്തിലേറെ പേർ ബാക്കിയുണ്ട്. 65 ലക്ഷത്തിലേറെ വരുന്ന സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻകാരിൽ 78 ശതമാനത്തോളം പേർ ഇതുവരെയായി മസ്റ്ററിങ് നടത്തി.


ഗ്രാമ പഞ്ചായത്ത് തലത്തിൽ 80 ശതമാനവും നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 75 ശതമാനവും മസ്റ്ററിങ്‌ പൂർത്തിയാക്കിയിട്ടുണ്ട്. സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്ന 10 ലക്ഷത്തിലേറെ പേർ ബാക്കിയുണ്ട്. വിവിധ കാരണങ്ങളാൽ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത 77,095 പേരാണ് ഈ വിഭാഗത്തിലുള്ളത്. പൂർത്തിയാക്കാനാകാത്ത 39,864 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്.


വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരിൽ 71 ശതമാനം പേരാണ് ശനിയാഴ്ച വരെ മസ്റ്ററിങ് നടത്തിയത്. ആകെ 12,56,837 പേരാണ് സംസ്ഥാനത്തെ ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്നത്. മൂന്നര ലക്ഷത്തോളം പേർ ഈ വിഭാഗത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഇത് പൂർത്തിയാക്കാൻ ആകാത്ത 12,769 പേരും ക്ഷേമനിധി പെൻഷൻകാരിലുണ്ട്. 31-ന് മുൻപ് മസ്റ്ററിങ് നടത്താത്തവർക്ക് ജൂലായ് വരെയുള്ള പെൻഷൻ ലഭിക്കാതെ വരും.


മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് എല്ലാ മാസവും ഒന്നുമുതൽ 20 വരെ സമയം അനുവദിച്ചിട്ട് ഉണ്ടെങ്കിലും ഇത് നടത്താത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. അവസാന തീയതി അടുത്തതോടെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിന് വലിയ തിരക്കാണ്. ഞായറാഴ്ച പ്രത്യേക ക്യാമ്പ് നടത്തി ചില അക്ഷയ സംരംഭകർ ഇതിന് അവസരം ഒരുക്കിയിട്ടുണ്ട്.


സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിങ്. ബയോമെട്രിക്ക് ഉപകരണത്തിൽ വിരലടയാളം പതിപ്പിച്ചാണ് മസ്റ്ററിങ് നടത്തുന്നത്. പ്രത്യേക പോർട്ടലിലൂടെ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ഇത് ചെയ്യുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപയും വീടുകളിൽ അക്ഷയക്കാർ എത്തി ചെയ്യുന്നതിന് 50 രൂപയുമാണ് ഫീസ്. വിരലടയാളം പതിയാത്തത് ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ മസ്റ്ററിങ് സാധിക്കുന്നില്ലെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ രശീതി സഹിതം ലൈഫ് സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്ഥാപനത്തിൽ നൽകണം.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം