മുംബൈയിലെ ഫ്ലാറ്റിൽ തീപിടുത്തം, മൂന്ന് മലയാളികൾ മരിച്ചു
നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികള്‍.
വാഷിയിലെ എംജി കോംപ്ലക്സിലെ 10-ാം നിലയിലാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എ സി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒരു മഹാരാഷ്ട്ര സ്വദേശി കൂടി മരണപെട്ടതായി സ്ഥിരീകരണം ഉണ്ട്. വാഷിയിലെ സർക്കാർ ആശുപത്രിയിൽ ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പത്തുപേർക്ക് അപകടത്തിൽ പരുക്കേറ്റു.
പ്രാഥമിക വിവരം അനുസരിച്ച് മൂന്ന് ഫ്ളാറ്റുകളിലേക്ക് തീപടർന്നിരുന്നു. തീജ്വാലകൾ പടർന്നപ്പോൾ കുടുംബത്തിന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നും അവർ കുടുങ്ങി കിടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ തീ പടരുന്നത് ശ്രദ്ധിച്ച ഫ്ളാറ്റിലെ മറ്റ് താമസക്കാർ അവിടെ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഗ്നിശമനയുടെ അഞ്ച് ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Comments
Post a Comment