അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്കായി അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 20000 രൂപ പിഴ ചുമത്തി.വെള്ളിക്കീലിൽ പ്രവർത്തിച്ചു വരുന്ന സി ജെ ബി ഡിസ്ട്രിബൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സ് പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള ജൈവ - അജൈവ മാലിന്യങ്ങൾ സമീപത്തെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.വെള്ളീക്കീലിൽ പ്രവർത്തിച്ചു വരുന്ന ഹിൽ വൈബ് ഫുഡ് കഫെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഹോട്ടൽ പരിസരം വൃത്തിഹീനമായും കണ്ടെത്തി. ഹോട്ടലിന് 6000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ കത്തിച്ച പ്രദേശത്തെ സ്ഥലമുടമയ്ക്ക് 1000 രൂപയും പിഴ ചുമത്തി.സ്ഥാപന പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് വെള്ളിക്കീലിൽ പ്രവർത്തിച്ചു വരുന്ന ഫിഷ് & മീറ്റ് എന്ന സ്ഥാപനത്തിന് 1000 രൂപയും പിഴയിട്ടു. പട്ടുവത്ത് സ്ഥിതി ചെയ്യുന്ന റിവറൈൻ കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്‌സ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിന് കെട്ടിട ഉടമയ്ക്ക് 2000 രൂപയും പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പട്ടുവം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സോണിയ പി തുടങ്ങിയവർ പങ്കെടുത്തു.


Comments
Post a Comment