മയ്യിൽ പാവന്നൂർ കടവിൽ നിർത്തിയിട്ട സ്‌കൂട്ടറിനരികിൽ നിന്ന കുടുംബത്തിലേക്ക് മിനിലോറി ഇടിച്ചുകയറി; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
മയ്യിൽ: പെരുന്നാൾ ദിനത്തിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടറിന് സമീപം നിൽക്കുകയായിരുന്ന കുടുംബത്തിനു നേരെ മിനിലോറി ഇടിച്ചുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പാവന്നൂർ മൊട്ട പാവന്നൂർ കടവിലെ തശ്‌രീഫ (4) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46), മാതാവ് പാവന്നൂർ കടവിലെ എ.കെ. മൈമൂനത്ത് (39) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
ഇന്നലെ രാത്രി 8.20 മണിയോടെ പാവന്നൂർ കടവിലായിരുന്നു അപകടം നടന്നത്. മൂവരും നിർത്തിയിട്ട സ്‌കൂട്ടറിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയത്ത് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന കെ.എൽ. 59 4847 നമ്പർ മിനിലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ഉടൻ തന്നെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി 10 മണിയോടെ തശ്‌രീഫ മരണത്തിന് കീഴടങ്ങി. മാതാപിതാക്കൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. അപകടവിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തുകയും അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മിനിലോറി ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment