മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും




തിരുവനന്തപുരം:

 കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നു. ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും.


നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. യോഗത്തില്‍ ദീപാദാസ് മുന്‍ഷിക്ക് പുറമെ, രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.


മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല മത്സരരംഗത്തുള്ള എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇന്നു രാവിലെ അതുകൂടി പൂര്‍ത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും.


ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഇന്നത്തെ യോഗം തിരുവനന്തപുരത്തേക്ക് മാറ്റി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് എംഎല്‍എമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണറെ കാണുക. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 102 സീറ്റുകളാണ് ലഭിച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..