വിവാഹത്തിൽ നിന്ന് പിന്മാറിയതിലെ വൈരാഗ്യത്തിൽ പോലീസുകാരന്റെ ബൈക്ക് കത്തിച്ചു ; യുവതികൾ പിടിയിൽ, കുടുക്കിയത് ഗൂഗിൾ പേ
അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്തായ ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്നവരാണ് ഇരുവരും. ഇതിനിടെ, പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയായ ആരതി വിഷം കഴിച്ചു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള സ്റ്റേഷനിലെ സിപിഒ ആയ വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കത്തിയ നിലയിൽ കണ്ടെത്തിയത്. വിവേകും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണെങ്കിലും പിന്നീട് ഈ വിവാഹം മുടങ്ങിയിരുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് മനസ്സിലാക്കി വിവേക് വിവാഹത്തിൽ നിന്ന് പിന്മാറുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിലുള്ള വൈരാഗ്യമാണ് ബൈക്ക് കത്തിക്കാൻ ആരതിയെ പ്രേരിപ്പിച്ചത്.
കേസ് രാഷ്ട്രീയ അക്രമമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. മൂന്ന് വർഷം മുൻപ് പുനലൂർ കോളേജിലെ കെഎസ്‌യു പ്രവർത്തകരെ വിവേക് ഉൾപ്പെടെയുള്ള പോലീസ് സംഘം ലാത്തിച്ചാർജ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ബൈക്ക് കത്തിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ബൈക്കിന് സമീപത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്.
അന്വേഷണത്തിനിടെ, സംഭവദിവസം പുലർച്ചെ പ്രദേശത്ത് അപരിചിതരായ രണ്ട് സ്ത്രീകളെ കണ്ടതായി ഒരു സമീപവാസി മൊഴി നൽകി. തുടർന്ന് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെ പോലീസ് കണ്ടെത്തി. യുവതികൾ ഓട്ടോക്കൂലി നൽകിയത് ഗൂഗിൾ പേ വഴിയായിരുന്നു. ഈ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതികളിലേക്ക് എത്തിയത്.

Comments
Post a Comment