മാലിന്യ സംസ്കരണത്തിലെ നിയമലംഘനം: സ്കൂളിന് പിഴ
മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയതിന് കൂത്തുപറമ്പ് നിർമ്മലഗിരിയിലെ റാണി ജെയ് ഹയർ സെക്കണ്ടറി സ്കൂളിന് മാലിന്യസംസ്കരണ രംഗത്തെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തി. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിലും ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി പലയിടങ്ങളിലായി നിക്ഷേപിച്ച് കത്തിച്ചതായി സ്ക്വാഡ് നിരീക്ഷിച്ചു. കൂടാതെ കിണറിന്റെ മാതൃകയിൽ കെട്ടിയുണ്ടാക്കിയ ടാങ്കിൽ വലിയ തോതിൽ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും സ്ക്വാഡ് കണ്ടെത്തി. ഹോസ്റ്റലിന് സമീപത്തായി മലിനജലം തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിടുന്ന നിലയിലായിരുന്നു. കേരള മുൻസിപ്പാലിറ്റി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 15000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കൂത്തുപറമ്പ് നഗരസഭയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ സുബിൻ പി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Comments
Post a Comment