കൊളച്ചേരി വിദ്യാഭ്യാസ- സാംസ്കാരിക-സാമൂഹിക രംഗത്ത് നിറസാന്നിധ്യം ആയിരുന്ന ചന്ദ്രൻ തെക്കയിൽ (83) നിര്യാതനായി

ചന്ദ്രൻ മാഷ്   തെക്കയിൽ (83) നിര്യാതനായി. 





കൊളച്ചേരി  വിദ്യാഭ്യാസ- സാംസ്കാരിക-സാമൂഹിക രംഗത്ത് നിറസാന്നിധ്യം ആയിരുന്ന ചന്ദ്രൻ തെക്കയിൽ (83) നിര്യാതനായി. എസ് എസ് എൽ സിയും പ്രീ ഡിഗ്രിയും ഉന്നത റാങ്കോട് കൂടി വിജയിച്ച് ഉന്നത ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടി വിദ്യാഭ്യാസ രംഗത്ത് തന്റെ മികവ് തെളിയിച്ച അദ്ദേഹത്തിന് ഗണിതത്തിൽ സ്വന്തമായി ഒരു ഇക്വേഷൻ നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.


ഗവ. ഹൈസ്കൂൾ അധ്യാപകൻ, സർ സയ്യിദ് കോളേജ് ലെക്ചർ, ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നിങ്ങനെ ഔദ്യോഗിക മേഖലയിൽ തന്റെ കയ്യൊപ്പ് ചാർത്തിയ അദ്ദേഹം കേരളത്തിൽ ഏറ്റവും നല്ല നാടക സംവിധായകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.


അദ്ദേഹത്തിന്റെ റൂഷ്ഡോൺ എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു. ഗണിതവും ഭൗതിക ശാസ്ത്രവും പഠിക്കുന്ന എഞ്ചിനീയറിംഗ്‌ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് അത്താണിയായിരുന്നു ചന്ദ്രൻ മാഷ്.


ബാംഗ്ലൂരിൽ സി.വി.രാമന് കീഴിൽ ബീറ്റാ കിരണങ്ങളെ കുറിച്ച് ഗവേഷണ പഠനം നടത്തി. ജീവൻ്റെ ഉല്പത്തിയെ കുറിച്ചായിരുന്നു മാഷിൻ്റെ ഗവേഷണമെന്ന് പറയുന്നു. ലാബിൽ വെച്ച് ഇലക്ട്രിക് ഷോക്കേറ്റ് ഏറെക്കാലം ചികിത്സയിൽ ആയിരുന്നു. അതേ തുടർന്ന് ഗവേഷണം അവസാനിപ്പിക്കേണ്ടി വന്നില്ലായിരുന്നു എങ്കിൽ കൊളച്ചേരിക്ക് ലോകമറിയുന്ന ഒരു ശാസ്ത്രജ്ഞനെ ലഭിക്കുമായിരുന്നു.


സർക്കാർ സർവീസിൽ അധ്യാപകനാവാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് നാട്ടിൽ ഇറ്റാക്സ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുക ആയിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജുകളിൽ ഒന്നാണ് ഇറ്റാക്സ്.


കൊളച്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് ഈ കോളേജ് വലിയ സേവനമാണ് നിർവഹിച്ചത്. ഇറ്റാക്സ് മട്ടന്നൂരിലും വലിയ നിലയിൽ പ്രവർത്തിച്ചിരുന്നു.


കൊളച്ചേരിയുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നു ഇറ്റാക്സ്. ഇതേ സമയം രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലും അതോടൊപ്പം നാടക പ്രവർത്തനങ്ങളിലും മുഴുകിയ അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനുമാണ്. ജനശക്തി തിയേറ്റർ എന്ന നാടകസംഘവും അദ്ദേഹം ആരംഭിച്ചു.


ഏറെ ചർച്ച ചെയ്യപ്പെട്ട റൂഷ് ഡോൺ ഉൾപ്പെടെയുള്ള നിരവധി നാടകങ്ങൾ രചിച്ചു. ഇരുപതിൽ അധികം നാടകങ്ങൾ സംവിധാനം ചെയ്തു. കുതിരവട്ടം പപ്പു, കെ.രാഘവൻ മാസ്റ്റർ, നെല്ലിക്കോട് ഭാസ്കരൻ, കോഴിക്കോട് ശാന്താദേവി, നിലമ്പൂർ ആയിഷ, ബാലുശ്ശേരി സരസ, കൈതപ്രം, കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൾപ്പെടെയുളള പ്രശസ്തരായ നടീനടൻമാരും ഗായകരും സംഗീത സംവിധായകരും മാഷോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


നാടകത്തെക്കുറിച്ചുള്ള ഗൗരവമായ പഠനത്തിനും നാടക അവതരണങ്ങൾക്കും ജില്ല അടിസ്ഥാനമായി കണ്ണൂർ കലാസേന രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. കഴിഞ്ഞ വർഷം ഇറ്റാക്സ് കോളേജിലെ പൂർവ്വ വിദ്യാർഥികളും അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന് ആദരം നൽകിയിരുന്നു.




സംസ്കാരം മറ്റന്നാൾ 

8 മണി മുതൽ വീട്ടിൽ പൊതു ദർശനം സംസ്കാരം 10 മണി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം