എന്താണ് പയ്യാമ്പലം കടൽത്തീരത്തിന് ഇത്ര പ്രത്യേകത? അവിടെ മാത്രം എന്താണ് നേതാക്കൾക്കു സ്മാരകം ഉയരുന്നത് ? ആ മണ്ണിൽ ആർക്കൊക്കെ സ്മാരകമുയർത്താൻ അവകാശമുണ്ട് ? അവിടെ ആരുടെയെല്ലാം സ്മാരക സ്തൂപങ്ങളുണ്ട്?




പയ്യാമ്പലമെന്നു കേൾക്കുമ്പോൾ ആളുകളുടെ മനസ്സിൽ ഓടിയെത്തുന്ന സംശയങ്ങൾ നിരവധിയാണ്. എത്രയോ മഹാന്മാർ അന്ത്യനിദ്രകൊള്ളുന്ന പയ്യാമ്പലമെന്ന കേരളത്തിന്റെ സുന്ദര കടൽത്തീരവും അവിടത്തെ പ്രത്യേകതകളെയും അടുത്തറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. ജനമനസ്സുകളിൽ ജീവിക്കുന്നവരുടെ സ്മൃതി കൂടീരങ്ങളാണു കണ്ണൂർ പയ്യാമ്പലം കടൽത്തീരത്തുള്ളത്. 


സമൂഹത്തിൽ വ്യത്യസ്ത ചേരികളിൽ അണിനിരന്ന് അനീതികളോടു കലഹിച്ചു ജീവിച്ചവർ ഇവിടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങളേതുമില്ലാതെ തോളുരുമ്മി ശാന്തമായി അന്ത്യവിശ്രമം കൊള്ളുന്നു. ജീവിതത്തിൽ കണ്ടില്ലാത്ത സമഭാവനയും , ഐക്യവും കണ്ണൂരിലെ പയ്യാമ്പലം കടൽത്തീരത്തു കാണാം. മരണത്തിന്റെ ശാന്തത ഇവിടെ എല്ലാവരെയും ഒന്നിപ്പിക്കുന്നു. നേതാക്കളുടെയും , പൗരപ്രമുഖരുടെയും സ്മാരക സ്തൂപങ്ങൾ വൈരം മറന്ന് ചെറിയൊരു സ്ഥലത്ത് പരസ്പരം ചേർന്നു നിൽക്കുന്നു. 


കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നുതൊട്ട് എന്നതു സംബന്ധിച്ചു കൃത്യതയില്ല. ആദ്യ കാലത്ത് തീയസമുദായത്തിനു പ്രാധാന്യമുള്ള കമ്മിറ്റിയായിരുന്നു ഇവിടെ ശവസംസ്കാര ചടങ്ങുകൾ നടത്തിയിരുന്നത്. കാലാന്തരത്തിൽ പൊതുശ്മശാനമായി പയ്യാമ്പലം പരിണമിച്ചു. ള്ളിക്കുന്ന് പഞ്ചായത്ത് ഏറ്റെടുത്തു നടത്തിയിരുന്ന ശ്മശാനം കണ്ണൂർ കോർപറേഷൻ രൂപീകരണത്തോടെ അവരുടെ ചുമതലയിലായി. 


പയ്യാമ്പലം ശ്മശാനത്തോടു ചേർന്നുള്ള സ്ഥലത്താണു കേരളത്തിലെ പ്രമുഖ നേതാക്കളുടെയും , പൗരപ്രമുഖരുടെയും സ്മാരക കുടീരങ്ങൾ. കോർപറേഷന്റെ ഉടമസ്ഥതയിലാണ് ഈ പ്രദേശം. പൊതുശ്മശാനം ഇതിനടുത്തു തന്നെയാണെങ്കിലും നേതാക്കളുടെ സംസ്കാരം കുടീരങ്ങളുള്ള സ്ഥലത്തു പ്രത്യേകമായാണു നടത്തി വരുന്നത്. 


പയ്യാമ്പലം കടൽത്തീരത്ത് ആർക്കൊക്കെ സ്തൂപങ്ങൾ സ്ഥാപിക്കാമെന്നതിനു പ്രത്യേകിച്ചു മാനദണ്ഡങ്ങളൊന്നുമില്ല. എങ്കിലും നേതാക്കൾക്കും , പൗരപ്രമുഖർക്കും , സമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുമെല്ലാമാണ് ഇവിടെ ഇടം കിട്ടിയിട്ടുള്ളത്. സ്തൂപം സ്ഥാപിക്കുന്നതിനു മുൻപ് കോർപറേഷനിൽ നിന്ന് അനുമതി വാങ്ങണം. റവന്യൂ സ്റ്റാംപ് പതിച്ച് അപേക്ഷ നൽകണം. അപേക്ഷ പരിശോധിച്ച് കോർപറേഷൻ അനുമതി നൽകും. അതിനു ശേഷം സ്മാരക സ്തൂപം പണിയാം. സ്തൂപ നിർമിതിയുടെ പേരിൽ കാര്യമായ തർക്കമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 


മുൻകാലങ്ങളിൽ പലരും പലരീതിയിലാണു ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടാണ് കയ്യേറി സ്തൂപങ്ങൾ ഉണ്ടാക്കാനാവില്ലെന്നും അനുമതി വാങ്ങണമെന്നുമുള്ള തീരുമാനമെടുത്തത് .


പയ്യാമ്പലത്ത് പുതുതായി സ്തൂപങ്ങൾ വരുമ്പോൾ ഇനിയൊന്നിനുകൂടിയുള്ള സ്ഥലം അവിടെയുണ്ടോ എന്ന ആശങ്ക ഇവിടെ ഒരിക്കലെങ്കിലും വന്നുപോയിട്ടുള്ളവർക്ക് സ്വാഭാവികമായും ഉണ്ടാകും. നമ്മൾ ഇപ്പോൾ നോക്കുമ്പോൾ എല്ലായിടത്തും സ്തൂപങ്ങളാണു കാണുക. എങ്കിലും ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ ഓർമകളായി ഇവിടെ അവസാനിക്കുമ്പോൾ അവർക്കായി സ്തൂപങ്ങൾക്കുള്ള ഇടം ഇവിടെ ഉണ്ടാകുന്നു.  



ഇരുപതാം നൂറ്റാണ്ട് ദർശിച്ച ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കാണ് പയ്യാമ്പലത്ത് ആദ്യ സ്തൂപം ഒരുങ്ങിയതെന്നാണു കരുതുന്നത്. സമൂഹത്തിലെ തിന്മകൾക്കെതിരെ മുഖംനോക്കാതെ പ്രതികരിച്ചതിന്റെ പേരിൽ 1910 സെപ്റ്റംബർ 26ന് രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തി. തിരുവിതാംകൂർ ദിവാനായിരുന്ന രാജഗോപാലാചാരിക്കെതിരെ വിമർശനം ഉയർത്തിയതിനുള്ള ശിക്ഷയായിരുന്നു നാടുകടത്തൽ. മദ്രാസിലും , പാലക്കാടും കണ്ണൂരിലുമായിരുന്നു പിന്നീട് അദ്ദേഹം ഭാര്യ ബി.കല്യാണിക്കുട്ടിയമ്മയോടൊപ്പം താമസിച്ചിരുന്നത്. 1915 ജനുവരിയിലാണ് സ്വദേശാഭിമാനി കണ്ണൂരിലെത്തുന്നത്. 38ാം വയസ്സിൽ മരിച്ചു. കല്യാണിക്കുട്ടിയമ്മയ്ക്ക് അധ്യാപികയായി കണ്ണൂരിൽ ജോലി ലഭിച്ചിരുന്നതിനാൽ അവസാന കാലത്ത് സ്വദേശാഭിമാനി കണ്ണൂരിലായിരുന്നു. 


പത്രപ്രവർത്തനത്തെ കുറിച്ചുള്ള ആദ്യ പുസ്തകമായ വൃത്താന്ത പത്രപ്രവർത്തനത്തിന്റെ കർത്താവും , ഇന്ത്യയിൽ കാൾ മാർക്സിനെപ്പറ്റി ആദ്യമായി പുസ്തകമെഴുതിയ ആളുമാണ് സ്വദേശാഭിമാനി. വക്കം അബ്ദുൽഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ വക്കത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്നതുകൊണ്ടാണ് രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി’യെന്ന് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ മരണം കണ്ണൂരിലായിരുന്നതിനാൽ സംസ്കാരം പയ്യാമ്പലം ശ്മശാനത്തിൽ നടന്നു. പിന്നീട് അദ്ദേഹത്തിന്റെ പേരിൽ അതേ സ്ഥലത്ത് സ്മാരക സ്തൂപം ഉയർന്നു. സ്മരണ ദിനത്തിൽ പുഷ്പാർച്ചനയും ,അനുബന്ധ പരിപാടികളും നടക്കാറുണ്ട്. 


പയ്യാമ്പരം പാർക്കിന്റെ ഭാഗത്തു കൂടി കടൽത്തീരത്തേക്കു പ്രവേശിക്കുന്ന വഴിയിൽ നിന്നു സ്മാരക കൂടീരങ്ങളുടെ സ്ഥലത്തേക്കു കടക്കുമ്പോൾ വലതു ഭാഗത്തു കാണുന്ന സ്തൂപങ്ങളിൽ ഏറെയും ഇടതു നേതാക്കളുടേതാണ്. പ്രത്യേകിച്ച്, സിപിഎം നേതാക്കളുടേത്.


⚡ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ, ⚡തൊഴിലാളികളുടെ ഉന്നമനത്തിനായി നിസ്വാർഥ സേവനം നടത്തിയ സിഐടിയു നേതാവ് സി. കണ്ണൻ, 

⚡സിഐടിയു സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായിരുന്ന ഒ.ഭരതൻ, 

⚡സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ, 

⚡കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിൽ പ്രമുഖനായ എൻ.സി. ശേഖർ, ⚡സിപിഎമ്മിന്റെ രക്തസാക്ഷി അഴീക്കോടൻ രാഘവൻ, 

⚡പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെട്ട എകെജി, 

⚡ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി.ഗോപാലൻ, 

⚡സിപിഐ നേതാവായിരുന്ന സി.കെ. ആനന്ദൻ,

 ⚡എൻജിഒ യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ടി.കെ.ബാലൻ, ⚡സിപിഐ നേതാവും എംഎൽഎയുമായിരുന്ന പള്ളിപ്രം ബാലൻ തുടങ്ങിയവരുടേതാണ് ഇടതു നേതാക്കളുടേതായുള്ള സ്മാരകങ്ങൾ. 


പയ്യാമ്പലത്തേക്കു കടന്നു ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം ദൃശ്യമാവുക എം.വി. രാഘവന്റെ സ്തൂപമാണ്. ഒരുകാലത്ത് സിപിഎമ്മിന്റെ നെടുംതൂണായിരുന്ന എംവിആർ സിഎംപി രൂപീകരിച്ച് സിപിഎമ്മിൽ നിന്ന് അകന്നു. അവസാന കാലത്ത് സിപിഎം നേതാക്കൾ രാഘവനുമായി അടുപ്പം പുനസ്ഥാപിച്ചു. രാഘവന്റെ സ്തൂപം ഇടതു നേതാക്കൾക്ക് ഒപ്പമാണ്. സി. കണ്ണന്റെ സ്തൂപത്തിന് അരികിലാണിത്.  



സാഹിത്യ വിമർശകനും , സാമൂഹിക നിരീക്ഷകനും , വിദ്യാഭ്യാസ ചിന്തകനുമായ സുകുമാർ അഴീക്കോടിനും പയ്യാമ്പലത്ത് സ്മാരകമുണ്ട്. തൃശൂരിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെങ്കിലും സംസ്കാരം ജന്മനാടായ കണ്ണൂരിലെ പയ്യാമ്പലത്തായിരുന്നു. അവിടെത്തന്നെ സ്തൂപവും സ്ഥാപിച്ചു. ഇടതു നേതാക്കളുടെ സ്തൂപങ്ങൾക്ക് മറുവശത്താണ് അഴീക്കോടിന്റെ സ്ഥാനം. തത്വമസിയെന്ന അദ്ദേഹത്തിന്റെ പുസ്തകം നിവർത്തി വച്ച രീതിയിൽ തയാറാക്കിയതാണ് സ്തൂപം 


⚡മുൻ മന്ത്രിയും കണ്ണൂർ ഡിസിസി പ്രസി‍ഡന്റുമായിരുന്ന എൻ.രാമകൃഷ്ണൻ, ⚡മുൻ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണൻ, ⚡മുൻ എംപി കെ.കുഞ്ഞമ്പ, ⚡ഐഎൻടിയുസി നേതാവായിരുന്ന കെ.സുരേന്ദ്രൻ, 

⚡നഗരസഭാ അധ്യക്ഷരായിരുന്ന പി.പി.ലക്ഷ്മണൻ, ⚡കെ. ഉപേന്ദ്രൻ, ⚡കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന പാമ്പൻ മാധവൻ, ⚡മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവായിരുന്ന എ.പി.ജയശീലൻ, ⚡കോൺഗ്രസ് നേതാവ് കെ.സി.കടമ്പൂരാൻ, ⚡യൂത്ത് കോൺഗ്രസ് നേതാവ് പി.സി. ജയന്ത്‌ലാൽ തുടങ്ങിയവരുടെ സ്മാരക സ്തൂപങ്ങളും പയ്യാമ്പലത്തുണ്ട്. 


ബിജെപി നേതാവും , കണ്ണൂർ സ്വദേശിയുമായ കെ.ജി. മാരാർക്ക് ബിജെപി ഇവിടെ സ്തൂപം പണിതിട്ടുണ്ട്. നിലവിൽ രാഷ്ട്രീയ നേതാക്കളുടെ സ്തൂപം നിൽക്കുന്നതിന് അൽപം മാറിയാണിത്. മാരാരുടെ ചരമ ദിനത്തിൽ ഇവിടെ അനുസ്മരണ പരിപാടികൾ നടക്കാറുണ്ട്. 


രാഷ്ട്രീയത്തിൽ തിളങ്ങിയവർ മാത്രമല്ല, മറ്റു മേഖലകളിലെ ശ്രദ്ധേയരായവരുടെ സ്മാരക സ്തൂപങ്ങളും ഇവിടെയുണ്ട്. 

⚡കണ്ണൂരിന്റെ ഫുട്ബോൾ വളർച്ചയിൽ മുഖ്യപങ്കു വഹിച്ച എൻ.ടി. കരുണാകരൻ,⚡കെ. കുഞ്ഞിരാമൻ, 

⚡ചിന്മയമിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി തുടങ്ങിയവർക്കാണ് ഇവിടെ ഓർമകളുടെ സ്മാരകം പണിതത്. 


⚡ജനതാദൾ നേതാക്കളായിരുന്ന എ. കൃഷ്ണൻ, ടി.നിസാർ അഹമ്മദ്, 

⚡ഹരിജൻ സമാജം നേതാവ് പി.പൊക്കൻ,

⚡ സിഎംപി നേതാവ് സി.പി. ദാമോദരൻ തുടങ്ങിയവരുടെ സ്മാരകങ്ങളും സൈനികരായിരുന്ന ചിലരുടെയും സ്മാരക സ്തൂപങ്ങളും പയ്യാമ്പലം തീരത്തുണ്ട്. 


ചിലരുടെ സ്മാരകങ്ങളിൽ അവരുടെ ചെയ്തികളെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഉദ്ധരണികൾ കൊത്തിവച്ചിട്ടുണ്ട്. അതിൽ ചിലത് ഇങ്ങനെ: 


⚡വാഗ്ഭടാനന്ദന്റെ ആദർശങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച സുകുമാർ അഴീക്കോടിന്റെ സ്മാരകത്തിൽ ഇങ്ങനെ വായിക്കാം. ‘‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെതിർപ്പിൻ.’’


⚡‘വിശ്രമം അറിയാത്ത, മഹത്തായ ‘ഒരു ജന്മം’ ഇവിടെ വിശ്രമിക്കുന്നു’ എന്നാണ് എംവിആറിന്റെ സ്തൂപത്തിലുള്ളത്. ഒരു ജന്മമെന്നത് എംവിആറിന്റെ ആത്മകഥയുടെ പേരാണ്. 


⚡‘അധ്വാനിക്കുന്ന വർഗത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി’ എന്നാണ് സി.കണ്ണന്റെ സ്തൂപത്തിലെ വിശേഷണം.


⚡‘കണ്ണീരും കരുത്താക്കി മാറ്റുവാൻ, നൊമ്പരം മറന്നൊത്തുമുന്നേറുവാൻ, കഴുമരത്തേയും തട്ടിത്തെറിപ്പിച്ച കരുളുറപ്പുമായ് നയിക്കുന്നു നായനാർ, എന്നും ഊർജമായ്, ശക്തിയായ്, ധൈര്യമായ് വന്നു നമ്മെ നയിക്കുന്നു നായനാർ’ എന്നാണ് നായനാരുടെ സ്മാരകത്തിലെ വാചകങ്ങൾ. 


സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത് പയ്യാമ്പലത്ത് ചടയൻ ഗോവിന്ദന്റെയും ,ഇ.കെ. നായനാരുടെയും സ്തൂപത്തിന് അരികിലാണ്. ആ സ്ഥലത്ത് ഇനി കോടിയേരിയുടെ സ്മാരക സ്തൂപവും ഉയരും. 


പയ്യാമ്പലം പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ശാന്തമായ കടലും , വിശാലമായ കടലോര നടപ്പാതയും , താമസ സൗകര്യവും , ഹോട്ടലുകളുമെല്ലാം പയ്യാമ്പലത്തുണ്ട്. ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപങ്ങളടങ്ങിയ പാർക്കും , കുട്ടികളുടെ പാർക്കുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ആ കൂട്ടത്തിൽ രാഷ്ട്രീയ സ്മരണകൾ കൂടി പുതുക്കി പോകാനും അൽപനേരമെങ്കിലും നേതാക്കളുടെ ജീവിതം ഓർക്കാനുമുള്ള അവസരം ഈ തീരത്തുണ്ടെന്നത് എവിടെയുമില്ലാത്ത പ്രത്യേകതയാണ്. 


കടപ്പാട്: അനിൽ 


ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം