200KM വേഗത്തിലോടുന്ന ഇത്തിഹാദ് റെയിലിലെ ക്യാപ്റ്റനായി മലയാളിയായ നിഷാദ്

 


അബുദാബി: ഫുജൈറയിൽനിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകൾ ചൂളംവിളിച്ചു പായുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമാകുമത്. യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്നവരിൽ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവുമായി മലയാളിയായ നിഷാദുമുണ്ടാകും. ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജരാണ് ഈ 29-കാരനായ ആലപ്പുഴ സ്വദേശി.



ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2014-ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇ.യിലെത്തിയത്. ഒരു സ്ഥാപനത്തിൽ കാഷ്യറായിട്ടാണ് പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് പെർഫ്യൂമുകൾവിറ്റും ഹോട്ട്‌ഡോഗ് സാൻഡ്വിച്ചുകൾ തയ്യാറാക്കിയും ഹോംഡെലിവറി സേവനങ്ങൾ നൽകിയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയി. മാതാപിതാക്കളായ നൗഷാദും ഷീബയും ഉറച്ച പിന്തുണയും നൽകി.


തീരെ ചെറുതെന്നു തോന്നുന്ന ഈ ജോലികളാണ് തന്നിൽ അച്ചടക്കം, ക്ഷമ, വിനയം, ലക്ഷ്യബോധം എന്നിവ സൃഷ്ടിച്ചതെന്ന് നിഷാദ് പറയുന്നു. 2017-ൽ മോണോ റെയിലിലൂടെയാണ് റെയിൽ ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ജീവിതം ഒരു കരക്കെത്തിയെന്ന് സമാധാനിച്ചിരുന്നപ്പോഴേക്കും അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോയി.


ദുബായ് ട്രാമിന്റെയും മെട്രോയുടെയും പ്രവർത്തനങ്ങളിൽനിന്ന് റെയിൽമേഖലയ്ക്ക് അനുയോജ്യമായി കഴിവുകൾ വികസിപ്പിച്ചു. പ്രവർത്തന മികവിലൂടെ കീ ഇൻസ്ട്രക്ടർ ആൻഡ് അസസർ പദവികളിലൂടെ തൊഴിലിലെ ഉത്തരവാദിത്വം വർധിച്ചു. അത് തൊഴിൽജീവിതത്തിലെ നിർണായക നാഴികക്കല്ലായി മാറി. അതിനുശേഷം 2023-ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് ടീം ലീഡറായി ചേരുകയും അധികം വൈകാതെ സ്ഥാനക്കയറ്റംലഭിച്ച് സീനിയർ ടീം ലീഡറാവുകയുംചെയ്തു.


എന്നാൽ ഇത്തിഹാദ് റെയിലിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. 2020-ൽ ട്രെയിൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും ഇ-മെയിൽ വിലാസത്തിലെ പിഴവു കാരണം വഴിമുട്ടി. പരാജയപ്പെട്ടു പിന്മാറാൻ തയ്യാറല്ലാത്തതിനാൽ വീണ്ടും അപേക്ഷിച്ചു. 2022-ഓടെ പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം വിജയകരമായി പൂർത്തിയാക്കി.


2024-ൽ ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ പദവി സ്വന്തമാക്കി. കഴിഞ്ഞ വർഷം ട്രെയിൻ ഓപ്പറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടർ, അസസർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹിബ ഗഫൂറാണ് നിഷാദിന്റെ ഭാര്യ. മകൻ: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിൻഷാദാണ് സഹോദരൻ. സഹോദരി: നസ്ലി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.