പാപ്പിനിശ്ശേരി മേൽപ്പാലം: ജനങ്ങളുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണം- അബ്ദുള്ള നാറാത്ത്
എസ്.ഡി.പി.ഐ പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി നീളുന്നത് കാരണം ജനങ്ങൾക്കുണ്ടായ തീരാ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് എസ്.ഡി പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും പ്രവൃത്തി നീളുന്നതിൽ ആശങ്ക അറിയിക്കുകയും ചെയ്തു. യു.ഡി.എഫ് ഭരണകാലത്തെ പാലാരിവട്ടം മോഡൽ അഴിമതിയാണ് പാപ്പിനിശ്ശേരി മേൽപ്പാലത്തിലും ഉണ്ടായത്. ഉദ്ഘാടനം കഴിഞ്ഞ വർഷം തന്നെ മേൽപ്പാലത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. എല്ലാ ആണ്ടിലും അറ്റകുറ്റപ്പണി നടത്തുന്ന പണി തീരാത്ത പാലമായി മാറിയിരിക്കുകയാണ്. യു ഡി എഫ് കാലത്തെ പൊതുമരാമത്ത് മന്ത്രിയുടെയും എംഎൽഎയുടെയും കാലത്തെ അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണം സംബന്ധിച്ച റിപോർട്ട് 10 വർഷമായിട്ടും എൽ.ഡി.എഫ് സർക്കാർ പുറത്തുവിടാത്തത് ദുരൂഹമാണ്. ഇപ്പോഴത്തെ എൽ.ഡി.എഫ് എംഎൽഎയും യുഡി എഫ് നേതാക്കളും നടത്തുന്ന സന്ദർശന നാടകം ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. ബസ്സുകൾ റൂട്ട് മാറ്റിയത് കാരണം പ്രദേശവാസികൾക്കുള്ള ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. സമയനഷ്ടത്തിനു പുറമെ കടുത്ത സാമ്പത്തിക നഷ്ടത്തിനും കാരണമാവുന്നുണ്ട്. ഇടത് വലത് നേതാക്കൾ സന്ദർശന നാടകവും റീൽസ് ചിത്രീകരണവും അവസാനിപ്പിച്ച് യാത്രക്കാരുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പ്രതിനിധി സംഘത്തിൽ മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തും കടവ്, മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഷാഫി പി.സി, മഷൂദ് കണ്ണാടിപ്പറമ്പ്, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് മഹറൂഫ് വി.കെ സെക്രട്ടറി ഫിറോസ് പാറക്കൽ, വെസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് ഷഫീഖ് കെ.ഒ.കെ എന്നിവർ ഉണ്ടായിരുന്നു.

Comments
Post a Comment