പെരുന്നാൾ മധുരത്തിന് പകരം കണ്ണീർമഴ; മിട്ടായി വാങ്ങാൻ റോഡ് മുറിച്ചുകടന്ന ഏഴുവയസ്സുകാരൻ കാറിടിച്ചു മരിച്ചു
കാസർകോട്: പെരുന്നാൾ കോടിയുടുത്ത് ചിരിക്കേണ്ട കുരുന്നുബാലൻ വിടവാങ്ങി. മാന്യത്തുണ്ടായ വാഹനാപകടത്തിൽ ഏഴുവയസ്സുകാരനായ ഷാക്കിറാണ് ദാരുണമായി മരിച്ചത്. സിദ്ദീഖ്-ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഷാക്കിർ.
ശനിയാഴ്ച രാവിലെ 11:00 മണിയോടെ മാന്യയിലായിരുന്നു നാടിനെ നടുക്കിയ അപകടം. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി മാതാവിനോടൊപ്പം കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷാക്കിർ.
മിട്ടായി വാങ്ങണമെന്ന ആഗ്രഹത്തോടെ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഷാക്കിറിന് തന്റെ അടുത്തേക്ക് പാഞ്ഞെത്തിയ വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ 800 കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരുന്നാൾ ആഘോഷങ്ങളുടെ സന്തോഷം വീടുകളിലേക്ക് എത്തുന്ന വേളയിൽ, മകന്റെ വിയോഗം ആ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായി. ഷാക്കിറിന്റെ ഖബറടക്കം മാന്യ കൗസിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments
Post a Comment