എല്ലാം ഒരു നിമിഷം തീർന്നു, ചലനമറ്റ ആതിര ഫിനിക്സ് പക്ഷിയായി വനിതാ ദിനത്തിൽ അറിയാം അതിജീവന കഥ





കോഴിക്കോട്:ബൈക്ക് അപകടത്തിൽ ഡോ. ആതിര സുഗതന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പക്ഷെ മനക്കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പരിമിതികൾ പരാജയപ്പെട്ടു. എല്ലാ ദുർഘട സന്ദർഭങ്ങളെയും മറികടന്ന് കോഴിക്കോട് സ്വദേശിയായ ആതിര സുഗതൻ ഇന്ന് സിവിൽ സർവീസ് നേട്ടത്തിന്റെ നെറുകയിലാണ്‌. കഴിഞ്ഞ ദിവസം സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ 437-ാം റാങ്കാണ് അതിരയ്ക്ക് ലഭിച്ചത്. മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ജീവിതമായിരുന്നു ആതിരയുടേത്. എന്നാൽ വിരലുകളുടെ ഒരു ചെറിയ ചലനമാണ് ഇന്ന് ആതിരയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടം തുടങ്ങിയ പോരാട്ടമാണ് ഇന്ന് സിവിൽ സർവീസിന്റെ നെറുകയിലേക് ആതിരയെ എത്തിച്ചത്. അസാധാരണമായ അതിജീവനകഥയാണ് അതിരയുടേത്. തനിക്ക് നേരിട്ട അഗ്നിപരീക്ഷണം ആതിര പറയുന്നത് ഇങ്ങനെയാണ്.

2016 ലാണ് എനിക്ക് അപകടം സംഭവിക്കുന്നത്. ബൈക്കിൽ നിന്ന് തെറിച്ചുവീണായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്കും സ്‌പൈനൽ കോർഡിനുമാണ് പരിക്ക് പറ്റിയത്. രണ്ട് ആശുപത്രികളിലാണ് എന്നെ ആദ്യം എത്തിച്ചത്. രക്ഷപ്പെടാനുള്ള സാധ്യത വിരളമായിരുന്നു. ബംഗളുരുവിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി അധികൃതരും തന്നെ രക്ഷിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്. എന്നാൽ വിരലുകൾ ചലിക്കുന്നത് കണ്ടപ്പോൾ അവർ എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. അങ്ങനെയാണ് ജീവിതം തിരിച്ചുകിട്ടിയത്.


അപകടം നടന്നില്ലായിരുന്നുവെങ്കിൽ താൻ സിവിൽ സർവീസിലേക്ക് എത്തുമായിരുന്നില്ല. വീൽചെയറിൽ ആയതിന് ശേഷമാണ് സിവിൽ സർവീസിനെക്കുറിച്ച് ചിന്തിക്കുന്നത്. ബിഡിഎസ് കംപ്ലീറ്റ് ചെയ്ത് ഫ്രാൻസിൽ തുടർപഠനം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. അപകടം നടന്നില്ലായിരുന്നു എങ്കിൽ സിവിൽ സർവീസിനെപ്പറ്റി ഞാൻ ആലോചിക്കില്ലായിരുന്നു. ഒരുപാട് ചെയ്യാനുണ്ട് എന്ന തോന്നൽ വന്നത് വീൽചെയറിൽ ആയതിന് ശേഷമാണ്.


നിരവധി പേരുമായി സിവിൽ സർവീസിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു എൻജിഒയിലെ ഭിന്നശേഷി വിഭാഗത്തിൽ ജോലിചെയ്തിരുന്ന സമയത്താണ് സാമൂഹിക പ്രതിബദ്ധത എന്റെ ഒരു സ്വപ്നമായി മാറിയത്. അന്ന് എന്റെ മേഖല ചെറുതായിരുന്നു. അത് വലുതാക്കണമെന്ന ആഗ്രഹമാണ് സിവിൽ സർവീസിലേക്കെത്തിച്ചത്.


തലയ്ക്കു പരിക്കേറ്റതിന് പിന്നാലെ എന്റെ ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. രണ്ട് വർഷത്തോളമാണ് ഇത്തരത്തിൽ ഉണ്ടായത്. ബിഡിഎസ് വിദ്യാത്ഥിയായിരുന്ന എനിക്ക് , വായിൽ എത്ര പല്ലുണ്ട് എന്നത് പോലും ഓർമയുണ്ടയിരുന്നില്ല. അങ്ങനെ ആറ് മാസത്തിന് ശേഷമാണ് ബിഡിഎസ് പൂർത്തിയാക്കണം എന്ന തോന്നലുണ്ടായത്. അങ്ങനെ ഒരു വർഷം കൊണ്ടാണ് ബിഡിഎസ് കോഴ്സ് പൂർത്തിയാക്കിയത്.


എന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് എന്റെ പ്രചോദനം. സഹോദരി അനഘ എന്നെ പരിചരിക്കാനാണ് നഴ്സിംഗ് പഠിച്ചത്. എനിക്ക് അപകടം സംഭവിക്കുമ്പോൾ സഹോദരി സൈക്കോളജിക്ക് പഠിക്കുകയായിരുന്നു. ഇപ്പോൾ അവൾ നഴ്‌സാണ്.


എന്റെ മോട്ടിവേഷൻ ഞാൻ തന്നെയാണ്. അപകടത്തിന് ശേഷം എന്നെപ്പോലെയുള്ള ഒരുപാട് ആളുകളെ ഞാൻ ശ്രദ്ധിച്ചുതുടങ്ങി. എന്റെ പ്രിഫറൻസ് ഐഎഎസ് ആണ്. സർവീസ് അലോക്കേഷൻ വന്നതിന് ശേഷം ഐഎഎസ് ലഭിച്ചില്ലെങ്കിൽ ഞാൻ നല്ല സേവനം തന്നെ നൽകും. ഐഎഎസ് കിട്ടുന്നത് വരെ ഞാൻ ശ്രമിക്കും.


മലയാളം സാഹിത്യമായിരുന്നു എന്റെ വിഷയം. എനിക്ക് ഏറെ ഇഷ്ടമായിരുന്നു മലയാളം സാഹിത്യം. എന്റെ അമ്മയാണ് ഈ യാത്രയിൽ എന്നെ ഏറെ പിന്തുണച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.