അമ്മേ, ഇനി ഞാൻ തിരിച്ചു വരില്ല.. സ്റ്റേഷനിലെത്താൻ നിമിഷങ്ങൾ മാത്രം ബാക്കിനില്‍ക്കെ സന്ദേശമയച്ച് ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടി യുവാവ്
കൊച്ചി: ആലുവ റെയിൽവേ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെരിയാർ പുഴയിലേക്ക് ചാടിയ യുവാവിന്റെ ശരീരം കണ്ടെത്തി. ഷൊർണൂർ കവളപ്പാറ മാണിയത്ത് വീട്ടിൽ അഖിൽ ഹരിദാസ് (25) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന തിരച്ചിലിൽ മാർത്താണ്ഡവർമ പാലത്തിന് താഴെ നിന്നുമാണ് കണ്ടെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം മംഗളൂരു, തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിലായിരുന്നു അഖിലിന്റെ യാത്ര. ട്രെയിൻ ആലുവ സ്റ്റേഷനിലെത്താൻ വെറും 150 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി അഖിൽ പുഴയിലേക്ക് ചാടിയത്..
വീട്ടിൽ നിന്നിറങ്ങിയ അഖിൽ 'ഇനി തിരിച്ചു വരില്ല' എന്ന സന്ദേശം രാവിലെ അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ ഷൊർണൂർ പൊലീസിനെ വിവരം അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തുകയും അഖിൽ ഏറനാട് എക്സ്പ്രസിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു..
തുടർന്ന് പൊലീസ് എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് വിവരം കൈമാറി. എന്നാൽ ട്രെയിൻ ആലുവയിൽ എത്തുന്നതിനിടെ അഖിൽ പുഴയിലേക്ക് ചാടുകയായിരുന്നു. സീറ്റിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്നാണ് വിലാസം സ്ഥിരീകരിച്ചത്..
അഗ്നിരക്ഷാസേനയും, പൊലീസും, നാട്ടുകാരായ മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചെറുതുരുത്തിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ..

Comments
Post a Comment