അമ്മേ, വേഗം വീട്ടിലേക്ക് വരൂ, അവിടെ ഒരു സർപ്രൈസ് ഇരിപ്പുണ്ട്. വീടിനുള്ളിൽ കയറിയ അമ്മ കണ്ടത് 84 തവണ കത്തികൊണ്ട് കുത്തി രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്...
ഉത്തർപ്രദേശ്: മൊറാദാബാദിൽ സ്വന്തം കുടുംബത്തെ തന്നെ തകർത്തെറിഞ്ഞ് യുവാവിന്റെ ക്രൂരത. സഹോദരിയെ അതിക്രൂരമായി ജീവനെടുത്ത ശേഷം, ജോലിസ്ഥലത്ത് പോയി അമ്മയെ വിളിച്ചുകൊണ്ടുവന്ന് അവരെയും ഇല്ലാതാക്കാന്‍ ശ്രമിച്ച മകനായ ഹർദിക് എന്ന എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം തകരാൻ കാരണം വീട്ടുകാരാണെന്ന സംശയമാണ് ഈ കൃത്യം ചെയ്യാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു.
ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജറായ അമ്മ നീലിമയെ തേടി ജോലിസ്ഥലത്തെത്തിയ മകൻ ഹർദിക്, 'അമ്മേ, വേഗം വീട്ടിലേക്ക് വരൂ, അവിടെ ഒരു സർപ്രൈസ് ഇരിപ്പുണ്ട്.' എന്ന് പറഞ്ഞ് നിർബന്ധിച്ച് വീട്ടിലെത്തിക്കുക ആയിരുന്നു. എന്നാൽ വീടിനുള്ളിൽ കയറിയ അമ്മ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകൾ ഹിമാൻഷികയെയാണ്. നടുക്കത്തിൽ അലറിവിളിച്ച അമ്മയെ ഹർദിക് കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തി. ഗുരുതരമായി പരിക്കേറ്റ അമ്മ ഇപ്പോൾ ചികിത്സയിലാണ്..
ഹിമാൻഷികയുടെ മരണ റിപ്പോർട്ടിലെ വിവരങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. '84 തവണയാണ് ഹർദിക് സ്വന്തം സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.' ഇരട്ട സഹോദരങ്ങളായ ഹർദിക്കും, ഹിമാൻഷികയും ഗുരുഗ്രാമിൽ എഞ്ചിനീയർമാരായി ജോലി ചെയ്തു വരികയായിരുന്നു. ഹിമാൻഷിക എം.ബി.എ പഠനവും നടത്തിയിരുന്നു. ഒന്നര വർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹർദിക് സോഷ്യൽ മീഡിയയിലാണ് കൂടുതൽ സമയവും ചിലവഴിച്ചിരുന്നത്..
പുണെ സ്വദേശിനിയായ ഒരു യുവതിയുമായി ഇൻസ്റ്റാഗ്രാമിലൂടെ ഹർദിക് പ്രണയത്തിലായിരുന്നു. ഇവരെ വിവാഹം കഴിക്കാൻ ഹർദിക് ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാർ ഇതിനെ എതിർത്തിരുന്നു. പിന്നീട് ഈ ബന്ധം തകരുകയും ചെയ്തു. തന്റെ പ്രണയം തകരാൻ കാരണം അമ്മയും, സഹോദരിയുമാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതി. കഴിഞ്ഞ കുറച്ചു കാലമായി ഇയാൾ ഫോണിൽ അമിതമായി സമയം ചിലവഴിച്ചിരുന്നതായും സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Comments
Post a Comment