കണ്ണൂർ സ്വദേശി : അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ഗവേഷകൻ

 



അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ഗവേഷകൻ

                                                           


കണ്ണൂർ:ഗൗരവമായ തകരാർ സംഭവിച്ച ഡി.എൻ.എയുള്ള കോശങ്ങള്‍ പെരുകാതിരിക്കുക എന്നതാണ് പ്രകൃതിനിയമം. അത് മറികടന്ന് ജനിതക തകരാറുള്ള അർബുദകോശങ്ങള്‍ പെരുകുന്നതിന്റെ രഹസ്യം കണ്ടെത്തി മലയാളി ഗവേഷകനും സംഘവും.


ഭാവിയില്‍ ഫലപ്രദമായ അർബുദ ചികിത്സയ്ക്ക് വഴിതെളിക്കാവുന്ന ഈ പ്രധാന കണ്ടെത്തലിന്, കണ്ണൂർ പൈസക്കരി സ്വദേശി ഡോ.റോബിൻ സെബാസ്റ്റ്യനാണ് നേതൃത്വം നല്‍കിയത്. നേച്ചർ ജേർണലിന്റെ പുതിയ ലക്കത്തില്‍ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 


വാഷിങ്ടണ്‍ ഡി.സിയില്‍ നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി (എൻ.ഐ.എച്ച്‌) ലെ ശാസ്ത്രജ്ഞനായ ഡോ. റോബിൻ, അർബുദത്തിന്റെ ഈ ജനിതക രഹസ്യം കണ്ടെത്താൻ അഞ്ചുവർഷം അധ്വാനിച്ചു. മറ്റ് 16 ഗവേഷകരുടെ സഹായം ഇതിനായി തേടി. 


ജീവല്‍പ്രവർത്തനങ്ങളുടെ മുഴുവൻ മാർഗ്ഗനിർദ്ദേശം സൂക്ഷിച്ചുവെയ്ക്കുന്ന മാസ്റ്റർ തന്മാത്രയാണ് 'ഡീഓക്സി റൈബോ ന്യൂക്ലിക് ആസിഡ്' (ഡി.എൻ.എ). കോടിക്കണക്കിന് പടികളുള്ള പിരിയൻ ഗോവണിയുടെ (ഡബിള്‍ ഹെലിക്സ്) ആകൃതിയാണ് ഡി.എൻ.എയ്ക്ക്. 


കോശവിഭജന വേളയില്‍, ഡി.എൻ.എ തന്മാത്രകള്‍ അവയുടെ നേർപ്പകർപ്പ് സൃഷ്ടിച്ച്‌ പുനരുത്പാദനം നടത്തുന്നു. ഡി.എൻ.എയ്ക്ക് കാര്യമായ തകരാർ പറ്റിയാല്‍, അത് പരിഹരിക്കപ്പെടുംവരെ പുനരുത്പാദനം തടയപ്പെടുന്നു. കേടുമാറ്റാൻ സാധിക്കുന്നില്ലെങ്കില്‍ കോശം നശിക്കുന്നു, ഒപ്പം ഡി.എൻ.എയും. 


തകരാർ പറ്റിയ ഡി.എൻ.എ. നശിക്കുക എന്നത് പ്രകൃതിനിയമമാണ്. ക്യാൻസർ കോശങ്ങളുടെ കാര്യത്തില്‍ അത് തകിടംമറിയുന്നു. കേടുപറ്റിയ ഡി.എൻ.എയും പെരുകുന്നു. അർബുദകോശങ്ങള്‍ പെരുകുന്തോറും ഡി.എൻ.എയിലെ മ്യൂട്ടേഷനുകളും തകരാറുകളും വർധിക്കും, ക്യാൻസർ കൂടുതല്‍ മാരകമാകും. 


ഡി.എൻ.എയുടെ ഇരുവശത്തെയും തന്തുക്കള്‍ പൊട്ടുക എന്നതാണ്, ആ തന്മാത്രയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും ഗുരതരമായ തകരാർ. ഇതിന് 'ഡബിള്‍-സ്ട്രാൻഡ് ബ്രേക്ക്സ് (ഡി.എസ്.ബി) എന്നാണ് വിളിക്കുക. ഈ തകരാർ വന്നുകഴിഞ്ഞാല്‍ സാധാരണഗതിയില്‍ ഡി.എൻ.എ.പുനരുത്പാദനം നിലയ്ക്കും. 


എന്നാല്‍, കാൻസർ കോശങ്ങളില്‍ ഈ അവസ്ഥയിലും ഡി.എൻ.എ. പകർപ്പ് സൃഷ്ടിക്കപ്പടുന്നു. അതിന്റെ കാരണം ശാസ്ത്രത്തിന് ഇതുവരെ അജ്ഞാതമായിരുന്നു. റോബിന്റെയും സംഘത്തിന്റെയും പഠനം അതിന്റെ ജനിതകരഹസ്യമാണ് അനാവരണം ചെയ്തത്. 


കാൻസർ കോശങ്ങളില്‍ ഡി.എൻ.എ. തന്തുക്കള്‍ പൊട്ടിയാല്‍, ഡി.എൻ.എയുടെ ആ ലോക്കല്‍ പ്രദേശത്ത് മാത്രം തല്‍ക്കാലം പുനരുത്പാദനം നിർത്തിവെയ്ക്കപ്പെടും, എന്നാല്‍ മൊത്തം ഡി.എൻ.എ.പതിപ്പുണ്ടാക്കല്‍ തുടരുകയും ചെയ്യും. ഈ കണ്ടെത്തലായിരുന്നു റോബിന്റെ 'യുറീക്ക നിമിഷം!' 


ഇക്കാര്യത്തിന് അദ്ദേഹം നല്‍കുന്ന ഉദാഹരണം ഇങ്ങനെ: 'നമ്മുടെ നാട്ടില്‍ ഒരു പഞ്ചായത്തില്‍ സംഘർഷമുണ്ടാകുന്നു എന്നിരിക്കട്ടെ. മിക്കവാറും അവിടെ ലോക്കല്‍ ഹർത്താലായിരിക്കും പിറ്റേന്ന്. അതേസമയം, സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളില്‍ സാധാരണഗതിയില്‍ കാര്യങ്ങള്‍ നടക്കും. ഇതുപോലൊരും സ്ഥതിവിശേഷമാണ് കാൻസർ കോശങ്ങളില്‍ അരങ്ങേറുക'. 


'ഇങ്ങനെയൊരു കാര്യം ഇതുവരെ അറിയില്ലായിരുന്നു'- ഇക്കാര്യം മനസിലാക്കിയതോടെ, അതിലെ ചില ജീനുകളെ മാറ്റുകയും മറ്റും ചെയ്തുനോക്കി. അപ്പോള്‍, കാൻസർ കോശങ്ങളിലെ ഡി.എൻ.എയുടെ തകരാർ കൂടുതല്‍ രൂക്ഷമാവുകയും ഡി.എൻ.എ. നശിക്കുകയും ചെയ്തു'. അർബുദചികിത്സയ്ക്കുള്ള പുതിയ സാധ്യതയാണ് ഇത് തുറന്നുതരുന്നത്. ആ സാധ്യത പരിശോധിക്കുകയാണ് റോബിനും സംഘവും ഇപ്പോള്‍. 


പയ്യാവൂരില്‍ പൈസക്കരി തെക്കേപുതുപ്പറമ്ബില്‍ വീട്ടില്‍ ടി.ടി. സെബാസ്റ്റ്യന്റെയും റോസമ്മയുടെയും മകനാണ് റോബിൻ. സാമൂഹികനീതി വകുപ്പില്‍ നിന്ന് വിരമിച്ചയാളാണ് സെബാസ്റ്റ്യൻ, റിട്ട.അധ്യാപികയാണ് റോസമ്മ. എൻ.ഐ.എച്ചിലെ തന്നെ ജിനോമിക്സ് ഗവേഷകയായ ഡോ. സുപ്രിയ വർടക് ആണ് റോബിന്റെ ഭാര്യ, ഒന്നര വയസ്സുകാരി ആര്യ മകളും.


പത്താംക്ലാസ് വരെ പൈസക്കരി സ്കൂളില്‍ പഠിച്ച റോബിൻ, പ്ലസ് ടുവിന് കണ്ണൂർ സെന്റ് മൈക്കിള്‍സ് സ്കൂളില്‍ ചേർന്നു. ബാംഗ്ലൂർ ക്രിസ്തുജയന്തി കോളേജിലായിരുന്നു ബിരുദപഠനം. വിഷയങ്ങള്‍ - ബയോകെമിസ്ട്രി, ജനറ്റിക്സ്, ബയോടെക്നോളജി. അതിന് ശേഷം ബാംഗ്ലൂർ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസില്‍ (IISc) ഇന്റഗ്രേറ്റഡ് പി.എച്ച്‌.ഡിക്ക് ചേർന്നു. എം.എസ്.സിക്ക് ബയോളജിക്കല്‍ സയൻസ് പഠിച്ചു. അവിടെ, പയ്യന്നൂർ സ്വദേശി ഡോ. സതീഷ് രാഘവന്റെ ബയോകെമിസ്ട്രി ലാബിലായിരുന്നു റോബിന്റെ പി.എച്ച്‌.ഡി. ഗവേഷണം. ഡി.എൻ.എ. കേടുപാടുകള്‍, പ്രത്യേകിച്ചും കാൻസറിന്റെ കാര്യത്തില്‍, ആയിരുന്നു ഗവേഷണ വിഷയം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.