കണ്ണാടിപ്പറമ്പ് സ്വദേശിയാണ് കൃഷ്ണൻകുറിയ.

നൂറോളം ലൈബ്രറികൾ ശാക്തീകരിച്ച് മാതൃകയാവുകയാണ് വിരമിക്കുന്ന ഈ വിദ്യാഭ്യാസ ഓഫീസർ



കണ്ണൂർ: കണ്ണൂർ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൃഷ്ണൻകുറിയ 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത് വിദ്യാഭ്യാസ ചരിത്രത്തിൽ അടയാളം ശേഷിപ്പിച്ചാണ്. താൻ നേതൃത്വം നല്കി വരുന്ന നൂറോളം വിദ്യാലയങ്ങളിൽ നിലവിലുള്ള ലൈബ്രറികൾ ശാക്തീകരിക്കുന്നതിന് പുസ്തക കിറ്റുകൾ നല്കുന്ന വിദ്യാഭ്യാസ ഓഫീസർ എന്ന നിലയിലാണ് അദ്ദേഹം മാതൃകയാവുന്നത്.കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൽ.എസ്.എസ്.നേടിയ സബ് ജില്ല എന്ന ബഹുമതി കണ്ണൂർ സൗത്ത് ഉപജില്ലയ്ക്ക് ലഭിച്ചത് ഇദ്ദേഹത്തിൻ്റെ ചിട്ടയായ നേതൃത്വ ഫലമാണ്. 600 ഓളം വരുന്ന സബ് ജില്ലയിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റത്തെപ്പറ്റി അവബോധം വരുത്തി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിന് 12 ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമ്മിച്ചു വരുന്നു. മെയ് 31 ഓടെ പ്രവൃത്തി പൂർത്തീകരിക്കും. മുഴുവൻ വിദ്യാലയങ്ങളിലെയും പാചകത്തൊഴിലാളികൾക്ക് രണ്ടു വീതം ഓവർ കോട്ടുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിൻ്റെയും ശക്തിയും ദൗർബല്യവും മനസ്സിലാക്കി ബന്ധപ്പെട്ടവർക്ക് മോട്ടിവേറ്റു നൽകുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും മാനേജർമാരെയും വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് വിദ്യാലയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.പൊതു ജനങ്ങളെ പങ്കെടുപ്പിച്ചുള്ള സോഷ്യൽ മോണിറ്ററിംഗ് സബ്‌ ജില്ലയിൽ സജീവമാണ്.

       നല്ലൊരു വായനക്കാരൻ കൂടിയായ കൃഷ്ണൻകുറിയ 1993 ൽ പോലിസ് സേനയിലൂടെയാണ് സർവീസ് തുടങ്ങുന്നത്.അഞ്ചര വർഷം സിവിൽ പോലീസ് ഓഫീസറായി കണ്ണൂരിൽ ജോലി ചെയ്തു.1998 ൽ മലപ്പുറം ജില്ലയിലെ വേങ്ങര ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.എസ്.ടിയായി നിയമനം ലഭിച്ചു. വേങ്ങരയിലും വാഴക്കാട് ഹയർ സെക്കൻ്ററി സ്കൂളിലുമായി 12 വർഷം ജോലി ചെയ്തു.

         സർവ്വ ശിക്ഷ അഭിയാൻ കണ്ണൂർ നോർത്ത് സബ് ജില്ലയിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായായാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ കൃഷ്ണൻകുറിയ കണ്ണൂരിലെത്തുന്നത്.തളിപ്പറമ്പ് സൗത്ത് സബ് ജില്ല സമഗ്ര ശിക്ഷ കേരളയുടെ പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോഗ്രാം ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു.2018ൽ തൃശൂർ ചാലക്കുടി സബ്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി.2020 ലാണ് കണ്ണൂർ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റത്.

      വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ഈ സാമൂഹ്യ ശാസ്ത്രാധ്യാപകൻ പാഠപുസ്തക രചനയിലും കൈപുസ്തക രചനയിലും പങ്കെടുത്തിട്ടുണ്ട്. അധ്യാപക പരിശീലന രംഗത്ത് കോർ എസ്.ആർ.ജി, സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.കരിക്കുലം കമ്മറ്റിയിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്, ട്രിപ്പിൾ പോസ്റ്റ് ഗ്രാജ്വേറ്റുകൂടിയായ ഈ അധ്യാപകൻ.

      ആറാം ക്ലാസിലെ പൊതു പരീക്ഷയായ സ്റ്റെപ്സിൻ്റെ സൂത്രധാരകരിൽ ഒരാളായ ഇദ്ദേഹം യു.എസ്.എസ് ചോദ്യ നിർമ്മാണ ടീം അംഗം കൂടിയാണ്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെയുള്ള ചോദ്യക്കടലാസ് നിർമ്മാണ ടീമംഗമായ ഇദ്ദേഹത്തിൻ്റെ ശ്രമഫലമായി അടിസ്ഥാനപരമായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്.

       അക്ഷരമുറ്റം, തത്തമ്മ, യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കേരളത്തിലെ എല്ലാ ഡയറ്റുകളിലും പാഠാനുബന്ധ മെറ്റീരിയലുകൾ നിർമ്മിക്കാൻ ഇടപെട്ട ഇദ്ദേഹം വിദ്യാഭ്യാസ പOനാവശ്യാർത്ഥം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

      ഐ.ടി.അറ്റ് സ്കൂൾ ട്രെയിനർ സിന്ധുവാണ് ഭാര്യ. ഡോ. കാവേരി, കൃഷ്ണ എന്നിവർ മക്കൾ.

       24 ന് രാവിലെ 10 മണിക്ക് പെരളശ്ശേരി എ.കെ.ജി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കണ്ണൂർ സൗത്ത് ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പുസ്തക കിറ്റുകൾ നൽകും.വി.ശിവദാസൻ എം.പി.ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിജു അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സിക്രട്ടറി എം.കെ.മനോഹരൻ മുഖ്യാതിഥിയായിരിക്കും. കണ്ണാടിപ്പറമ്പ് സ്വദേശിയാണ് കൃഷ്ണൻ കുറിയ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം