എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച യുവാവ് റിമാന്റിൽ



പരിയാരം: എസ്.ഐയെയും പോലീസുകാരനെയും ആക്രമിക്കുകയും മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് ജയിലിലായി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്‌സ് പേരാവൂരിലെ റീഷ്‌നയുടെ ഭര്‍ത്താവ് മുഴപ്പാലയിലെ ഷമല്‍(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രീഷ്‌നയോടൊപ്പം കോവിഡ് കാലത്ത് നാട്ടിലെത്തിയ ഭര്‍ത്താവ് ഷമല്‍ താമസം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി കുഴപ്പങ്ങളുണ്ടാക്കാന്‍ തുടങ്ങിയെന്നാണ് പരാതി. ഭര്‍ത്താവിനെ നേര്‍വഴിക്ക് നയിക്കാന്‍ പല തലത്തില്‍ ഇടപെടല്‍ നടത്തിയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചില്ല. അമിതമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതോടെ രീഷ്‌ന മെഡിക്കല്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട അവര്‍ ഇയാളോട് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചതോടെ അന്വേഷിക്കാനായി പരിയാരം എസ്.ഐ കെ.വി.സതീശനും സി.പി.ഒ സോജിയും ക്വാര്‍ട്ടേഴ്‌സിലെത്തി. ഈസമയത്ത് മദ്യപിച്ച് ലക്കുകെട്ട ഷമല്‍ എസ്.ഐയെ അക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സോജിക്കും അക്രമത്തില്‍ പരിക്കേറ്റു. കൂടുതല്‍ പോലീസുകാരെത്തിയെങ്കിലും അവരേയും ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചു. പിടിവലിക്കിടയില്‍ വീണ് ഷമലിനും പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ സതീശനും സി.പി.ഒ സോജിയും മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടി. ബഹളത്തിനിടയില്‍ പരിക്കേറ്റ ഷമലിനും ചികില്‍സ നല്‍കി. മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഷമലിനെ റിമാന്‍ഡ് ചെയ്തു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം