വയനാട്ടിൽ കണ്ണൂർ സ്വദേശികളായ കാർ യാത്രികരെ കാട്ടാന ആക്രമിച്ചു




മാനന്തവാടി: തലപ്പുഴയില്‍ കാർ യാത്രികരെ കാട്ടാന ആക്രമിച്ചു. ആനയുടെ പരാക്രമത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ താണ സ്വദേശി ഹഫീസും കുടുംബവുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തലപ്പുഴ പൊയില്‍ എന്ന പ്രദേശത്തായിരുന്നു സംഭവം. 


ചികിത്സയുടെ ഭാഗമായി മക്കിമലയിലെ വൈദ്യരെ കണ്ട് തിരിച്ചു പോകുന്നതിടെ പൊയിലില്‍ വാഹനം നിര്‍ത്തി പുഴയുടെ ചിത്രം എടുക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. സമീപത്തെ വനപ്രദേശത്ത് നിന്ന് ചിന്നം വിളിച്ചെത്തിയ ആന റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗം തകര്‍ക്കുകയായിരുന്നു. 

ഈ സമയം അല്‍പം മാറി പുഴയോരത്ത് നില്‍ക്കുകയായിരുന്നു യാത്രക്കാര്‍ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാര്‍ എത്തി ആനയെ വനത്തിലേക്ക് തുരത്തിയോടിച്ചു. പൊയില്‍ പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടാന ശല്യം ഉണ്ടെങ്കിലും വാഹനയാത്രികര്‍ക്ക് നേരെ അക്രമണമുണ്ടാകുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. ചക്കരക്കൽ വാർത്ത. തലപ്പുഴ - 44-ാം മൈല്‍ വഴി മക്കിമലയിലേക്ക് ബസുകള്‍ ഉള്‍പ്പെടെ നിത്യേന ഒട്ടേറെ വാഹനങ്ങള്‍ ഓടുന്നുണ്ട്.  


പ്രദേശത്ത് റോഡിനോട് ചേര്‍ന്ന് വനം വകുപ്പ് വൈദ്യുത കമ്പിവേലികള്‍ നേരത്തെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്. അതിനാല്‍ തന്നെ പകല്‍ സമയങ്ങളിലും കാട്ടാനകള്‍ക്ക് റോഡിലിറങ്ങാമെന്ന സ്ഥിതിയാണുള്ളത്. പൊയില്‍ പ്രദേശത്തെ കൂടാതെ മക്കിമല, കമ്പമല, എടാറക്കൊല്ലി, വയനാംപാലം പ്രദേശങ്ങളിലും ആന ശല്യം ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെല്ലാമുള്ള വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആനശല്യം ഉള്ളതിനാല്‍ 44-ാം മൈല്‍ - മക്കിമല റോഡ് വഴി രാത്രികാലങ്ങളില്‍ ഭയത്തോടെയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം