ഡോക്ടർ ആകാനുള്ള മൂന്നാളുടെയും സ്വപ്നങ്ങൾ അവസാനിച്ചു, കൊയിലാണ്ടി അപകടത്തിൽ മൂന്ന് ഭാവി ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം.
കൊയിലാണ്ടി: നാടിനെ നടുക്കിയ വാഹനാപകടത്തിൽ 3 യുവ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കറുവങ്ങാട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അബിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്..
ഇന്നലെ പുലർച്ചെ 1.40 ഓടെയായിരുന്നു സംഭവം. കറുവങ്ങാട് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിക്കുകയും തുടർന്ന് സമീപത്തെ ഓടയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ ഒരാൾ ഒന്നാം വർഷ വിദ്യാർത്ഥിയും മറ്റു രണ്ടുപേർ അവസാന വർഷ വിദ്യാർത്ഥികളുമാണ്..
അപകടത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പഠനം പൂർത്തിയാക്കി ഡോക്ടർമാരായി സേവനമനുഷ്ഠിക്കേണ്ട 3 യുവാക്കളുടെ അപ്രതീക്ഷിത വിയോഗം മലബാർ മെഡിക്കൽ കോളേജിനെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

Comments
Post a Comment