കളിചിരികൾ മാഞ്ഞു, വീട്ടിൽ നിശബ്ദത മാത്രം. വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ഇരട്ടക്കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് ജീവന്‍ നഷ്ടമായി...
ചിറ്റൂർ: വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്‌തുവെച്ച മോട്ടോർ സൈക്കിളിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ 4 പേർ ദാരുണമായി മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 8 വയസ്സുള്ള ഇരട്ട സഹോദരിമാരും, ഇവരുടെ സഹോദരനും മുത്തച്ഛനുമാണ് ഉറക്കത്തിനിടെ ശ്വാസംമുട്ടി മരിച്ചത്..
ചന്ദന (8), ചരിത (8), ഇവരുടെ സഹോദരൻ കാർത്തിക് (15), മുത്തച്ഛൻ രാമചന്ദ്രയ്യ (70) എന്നിവരാണ് മരിച്ചവർ. പ്രാദേശികമായി ഹെയർ സലൂൺ നടത്തുന്ന മുരളിയുടെ മക്കളും പിതാവുമാണ് ഇവർ..
'തന്റെ മോട്ടോർ സൈക്കിൾ അറ്റകുറ്റപ്പണി നടത്തിയ ശേഷം, എഞ്ചിൻ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ മെക്കാനിക് നൽകിയ നിർദ്ദേശമാണ് ദുരന്തത്തിന് കാരണമായത്. ഇതനുസരിച്ച് മുരളി ബൈക്ക് വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്‌തുവെച്ചു. കുട്ടികളും, മുത്തച്ഛനും ഉറങ്ങുകയായിരുന്ന മുറിയുടെ വാതിലുകളും ജനലുകളും പൂർണ്ണമായും അടച്ച ശേഷം മുരളിയും ഭാര്യയും ടെറസിൽ ഉറങ്ങാൻ പോയി..
രാത്രി മുഴുവൻ ബൈക്ക് പ്രവർത്തിച്ചതോടെ മുറിക്കുള്ളിൽ പുക നിറയുകയും മാരകമായ കാർബൺ മോണോക്സൈഡ് വാതകം രൂപപ്പെടുകയുമായിരുന്നു. വായുസഞ്ചാരമില്ലാത്ത മുറിയിൽ പുക നിറഞ്ഞതോടെ ഉറക്കത്തിൽ തന്നെ 4 പേരും ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്..
സംഭവത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധനകള്‍ക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധമായ രീതിയിൽ വീടിനുള്ളിൽ വാഹനം പ്രവർത്തിപ്പിച്ചത് സംബന്ധിച്ചും മെക്കാനിക്കിന്റെ നിർദ്ദേശത്തെക്കുറിച്ചും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്..
ശ്രദ്ധിക്കുക: വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിരിക്കുന്ന കാർബൺ മോണോക്സൈഡ് നിറമോ മണമോ ഇല്ലാത്ത വാതകമാണ്. അടച്ചിട്ട മുറികളിൽ ഇത് മരണത്തിന് കാരണമാകും. ഇത്തരം പ്രവൃത്തികൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..

Comments
Post a Comment