തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു.
സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിച്ചത്.
ഫെബ്രുവരി പത്തിന് ആരംഭിച്ച സമരത്തിനിടെ ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ട് തവണയാണ് ചര്‍ച്ച നടന്നത്. 26,448 ആശ പ്രവര്‍ത്തകരാണ് കേരളത്തിൽ ഉള്ളത്. പ്രതിമാസം 7,000 രൂപയാണ് ഓണറേറിയമായി ഇവർക്ക് നല്‍കുന്നത്. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3,000 രൂപയുമാണ്.
ടെലിഫോണ്‍ അലവന്‍സ് 200 രൂപ ഉള്‍പ്പെടെ ഓരോ പദ്ധതിയിലെയും പ്രകടനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്ന 3000 രൂപ. ഇങ്ങനെ, ആശമാര്‍ക്ക് ഒരു മാസത്തെ പ്രതിഫലം 13,200 രൂപയാണ്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയം ലഭിക്കുന്നതിനായി ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെ തുടർന്ന് അത് ഒഴിവാക്കിയിട്ടുണ്ട്.
ഓണറേറിയം വര്‍ധിപ്പിക്കുക. ദിവസ വേതനം എഴുന്നൂറ് രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാറിനോട് ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.
ആശ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണം, മിനിമം വേതനം ഉറപ്പാക്കണം, സ്ഥിരം ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം തുടങ്ങിയ കേന്ദ്ര സര്‍ക്കാറിനോടും ഉന്നയിച്ചിട്ടുണ്ട്

Comments
Post a Comment