കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി യാത്രക്കാർ.
കണ്ണൂർ : റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കൊച്ചുകുട്ടിയും അമ്മയും വയോധികരായ ദമ്പതികളും ഉൾപ്പെടെ അഞ്ച് പേർ കുടുങ്ങി കിടന്നത് 55 മിനിറ്റ്.
3.30ന് എത്തുന്ന തിരുവനന്തപുരം വന്ദേഭാരതിൽ കയറാനാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. ബാഗുകളും കുഞ്ഞുമായി പടികൾ ഇറങ്ങാൻ പ്രയാസം ആയതിനാലാണ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ലിഫ്റ്റിൽ കയറിയതെന്ന് എടൂർ സ്വദേശിയായ യാത്രക്കാരി പറഞ്ഞു.
3.05ന് ലിഫ്റ്റിൽ കുടുങ്ങിയ ഇവർ നാലോടെയാണ് പുറത്തിറങ്ങിയത്. ഇതിനിടെ സഹായത്തിന് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടു.
കുഞ്ഞുമായി ഏറെനേരം ലിഫ്റ്റിൽ നിന്ന് വലഞ്ഞതോടെ ഇവർ തന്നെയാണ് അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചത്. അഗ്നിരക്ഷ എത്തുമ്പോഴേക്കും റെയിൽവേ ജീവനക്കാർ ലിഫ്റ്റ് തുറന്ന് യാത്രക്കാരെ പുറത്തിറക്കി.
ഇതിനിടെ പ്ലാറ്റ്ഫോമിൽ എത്തിയ വന്ദേഭാരത് ഇവർക്ക് വേണ്ടി പത്ത് മിനിറ്റ് പിടിച്ചിട്ടു. പിന്നീട് ഇവരെ കയറ്റാതെ പുറപ്പെട്ടു. വൈകിട്ട് 4.55ന് കണ്ണൂരിൽ എത്തിയ തിരുവനന്തപുരം എക്സ്പ്രസിൽ ഇവർക്ക് യാത്രക്ക് സൗകര്യമൊരുക്കി.

Comments
Post a Comment