ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി
മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഴിഞ്ഞ രണ്ട് മാസം ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചതെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു.
എയ്ഡ്സ് ബാധിക്കാന്‍ സാധ്യത ഉള്ളവര്‍ക്ക് ഇടയില്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജനുവരിയില്‍ ഒരു പഠനം നടത്തിയിരുന്നു.
ലൈംഗിക തൊഴിലാളികള്‍, ലഹരി ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഇടയിലാണ് പ്രധാനമായും സര്‍വേ നടത്തിയത്.
ഈ സര്‍വേയില്‍ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്. സംഘത്തിലെ എല്ലാവരേയും ആരോഗ്യ വകുപ്പ് പരിശോധനക്ക് വിധേയരാക്കി.
ഈ പരിശോധനയിലാണ് ഒൻപത് പേര്‍ക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. ഇവര്‍ ലഹരിക്കായി ഒരേ സൂചികള്‍ പങ്കിട്ടതായും വിതരണക്കാര്‍ സൂചികള്‍ വീണ്ടും വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തിയെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു.
കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിൽ അധികം പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുന്നുണ്ട്. ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം 10 പേര്‍ക്ക് രോഗം കണ്ടെത്തിയതായി നോഡല്‍ ഓഫീസര്‍ ഡോ. സി ഷുബിന്‍ പറഞ്ഞു.
വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗവ്യാപനത്തിന് സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതിനായി വ്യാപകമായ പരിശോധന ആവശ്യമാണെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
കേരളത്തില്‍ 2021-ന് ശേഷം യുവാക്കള്‍ക്ക് ഇടയില്‍ എച്ച്‌ഐവി കൂടുന്നതായാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്.

Comments
Post a Comment