വിദ്യാർത്ഥി ആറ്റിൽ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാർ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷം
വിദ്യാർത്ഥി ആറ്റിൽ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാർ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷം
ചാത്തന്നൂര്‍: കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അച്ചു തങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നുവെന്നാണ് കൂട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തത് നിര്‍ണ്ണായകമായി.
മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അച്ചു ആറ്റില്‍ മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.
Comments
Post a Comment