വളപട്ടണത്തെ കവർച്ച അന്വേഷിക്കാൻ 20 അംഗ സംഘം; സിസിടിവികളിൽ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല
കണ്ണൂർ : വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ 20 അംഗ സംഘം അന്വേഷിക്കും. അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാറിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ വീട്ടുടമ അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കും. മംഗലാപുരം, കാസർഗോഡ് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവികൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് പോലീസിൻ്റെ നീക്കം. കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ പാളത്തിലേക്ക് പോയിരുന്നു. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിച്ചില്ല. മോഷണം നടത്തുന്നതിനു മുൻപോ ശേഷമോ റെയിൽവേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം. പോലീസ് നായ സഞ്ചരിച്ച വഴിയിലെ സിസിടിവികളിൽ നിന്ന് പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിട്ടില്ല.
പ്രത്യേക സംവിധാനത്തിൽ തുറക്കാനാവുന്ന ലോക്കർ മോഷ്‌ടാക്കൾ എങ്ങനെ തുറന്നു എന്നതും അന്വേഷണ വിധേയമാക്കും ഇതിന് പുറമെ അഷ്റഫിൻ്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതും പ്രതിസന്ധിയാണ്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. മതിൽ ചാടിക്കടന്ന് അടുക്കളഭാഗത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. കഴിഞ്ഞ 19-ാം തീയതി മധുരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഞായറാഴ്‌ച രാത്രിയാണ് ഇവർ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
Comments
Post a Comment