ഗുണ്ടൽപേട്ടിൽ കാർ മരത്തിലിടിച്ച് മറിഞ്ഞു; വടകര സ്വദേശിയായ ഒമ്പതുവയസുകാരന് ദാരുണാന്ത്യം
കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാർ അപകടത്തിൽപ്പെട്ട് വടകര ചോറോട് സ്വദേശിയായ ഒമ്പതുവയസുകാരൻ മരിച്ചു. അപകടത്തിൽ കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റു.
ചോറോട് വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻലാൽ (9) ആണ് മരിച്ചത്. മൈസൂരുവിൽനിന്ന് വടകരയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ തിങ്കളാഴ്ച വൈകീട്ട് ദേശീയപാതയിൽ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
മിഥുൻലാൽ (37), ഭാര്യ നവ്യ (34), സഹോദരൻ നിഥിൻലാൽ (34), ഭാര്യ സോനു (32), കുട്ടികളായ ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നവ്യയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഈഥന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഈഥൻ. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ്.

Comments
Post a Comment