ഹൂതി ആക്രമണം; റിയാദ് വിമാനത്താവളം അടച്ചു
റിയാദ്: ഹൂതി ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. സ്ഥിതി പരിശോധിച്ച ശേഷം വിമാനത്താവളം തുറക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇന്ന് ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, ഇന്ത്യൻ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവിസ് റദ്ദാക്കിയത് തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടർന്നാണ് എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവയാണ് സർവിസ് റദ്ദാക്കിയിരുന്നത്. ആകാശ എയർ സർവിസ് ഞായറാഴ്ച വരെ നീട്ടിയതായി അറിയിച്ചത്.
റിയാദ് വിമാനത്താവളത്തിന് നേരെ വ്യാഴാഴ്‌ചയുണ്ടായ ഹൂതി ആക്രമണങ്ങളിൽ സൗദിയ (സൗദി അറേബ്യൻ എയർലൈൻസ്) പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. സൗദിയ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ ഖഥ്മിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരവും നിസ്സാരവുമായ പരിക്കുകളോടെ ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി.
ആക്രമണങ്ങളിൽ വിമാനത്താവളത്തിന് ചില ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും വെള്ളിയാഴ്‌ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളത്തിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം നടന്നത്. രണ്ടാമത്തെ ആക്രമണം സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിന് നേരെയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി

Comments
Post a Comment