ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ജസ്‌ലിയ ജോൺസൺ യാത്രയായി.
പഠിച്ചു വളരാന്‍ മോഹിച്ചവള്‍, കുടുംബത്തിന് താങ്ങായവള്‍. അപകടത്തില്‍ മരണം സംഭവിച്ച ആ മിടുക്കി യാത്രയാകുന്നത് അനേകര്‍ക്ക് വെളിച്ചമായി, ജസ്‌ലിയ ഇനി നാലുപേരിലൂടെ ജീവിക്കും...
അങ്കമാലി: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ജസ്‌ലിയ ജോൺസൺ യാത്രയായി. എന്നാൽ പോകുമ്പോഴും 4 പേരിലൂടെ ലോകം കാണാൻ ആ മിടുക്കി അവസരമൊരുക്കി. അങ്കമാലിയില്‍ ഉണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ എടുത്ത തീരുമാനം നാടിനാകെ മാതൃകയാവുകയാണ്..
വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജസ്‌ലിയ (19) അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ 2ാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. സാധാരണ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾക്കിടയിലും പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജസ്‌ലിയയെ, ഫെബ്രുവരി 28ന് രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് കാർ ഇടിച്ചുതെറിപ്പിച്ചത്..
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പരമാവധി ശ്രമിച്ചുവെങ്കിലും മാർച്ച് 3-ന് പുലർച്ചെ 6.38-ഓടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകളുടെ വേർപാടിൽ തകർന്നുപോയെങ്കിലും, അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് ജോൺസണും കുടുംബവും എടുത്ത തീരുമാനം മഹത്തരമായി.. 'കരൾ' ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്ക്, 'വൃക്കകൾ' കോട്ടയം മെഡിക്കൽ കോളേജ് അമൃത ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്ക്. 'നേത്രപടലം' അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്കിന്..
പഠനത്തിൽ മാത്രമല്ല, കായിക രംഗത്തും ജസ്‌ലിയ മിടുക്കിയായിരുന്നു. പ്രത്യേക പരിശീലനമൊന്നുമില്ലാതെ കോളേജിലെത്തിയ ജസ്‌ലിയ, നിരവധി മെഡലുകൾ നേടിക്കൊടുത്ത അവൾ വടംവലി മത്സരങ്ങളിലും ടീമിന്റെ കരുത്തായിരുന്നു. 'എല്ലാം ശരിയാകും' എന്ന വാക്കുകളിലൂടെ സുഹൃത്തുക്കൾക്ക് ആത്മവിശ്വാസം നൽകിയിരുന്ന പ്രിയപ്പെട്ടവളായിരുന്നു. 'അവൾ പകർന്ന വെളിച്ചത്തിലൂടെ 4 പേർ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ, ജസ്‌ലിയ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.

Comments
Post a Comment