കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ എത്തുന്ന വഴികൾ തേടി പോലീസ്;അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തുന്ന വഴികൾ തേടി പോലീസ്. ഫോണുകളുടെ ഉറവിടം അന്വേഷിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ എസിപി പ്രദീ പൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഒരു വർഷത്തിനിടെ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് ഐഫോൺ ഉൾപ്പെടെ 30 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ 14 കേസുകളും ടൗൺ പോലീസ് രജിസ്റ്റർ ചെയ്തു. തടവുകാരുടെ ഇടയിൽ മൊബൈൽ ഫോൺ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചത്.
മൊബൈൽ ഫോൺ മാത്രമല്ല ചാർജറുകൾ, ഇയർഫോൺ, പവർബാങ്ക് എന്നിവയും കണ്ടെത്തിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനുശേഷം ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്‌മാർട്ട് ഫോണുകളാണ് കണ്ടെത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഫോണുകൾ സുലഭമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മൊബൈൽ ഫോണുകളെത്തുന്ന വഴിയടക്കാൻ പോലീസ് തീരുമാനിച്ചത്. സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി ഉത്പന്നങ്ങളും മതിൽവഴി എറിഞ്ഞുകൊടുക്കുന്ന മൂന്നംഗസംഘത്തെ കഴിഞ്ഞമാസം ടൗൺ പോലീസ് പിടിച്ചിരുന്നു. 'ഒരേറിന് 1000 രൂപ' പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയ ത്. തടവുകാരുടെ സുഹൃത്തുകൾ വഴിയാണ് 'സാധനങ്ങൾ ഓർഡർ' ചെയ്യുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളിലുംപെട്ട തടവുകാർക്ക് 'സാധനങ്ങൾ' എത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ജയിലിനകത്തെത്തിക്കുന്ന മൊബൈൽ ഫോണുകൾ തടവുകാർ രഹസ്യമായി ഒളിപ്പിച്ചുവെക്കുന്നതും സാഹസികമായിട്ടാണ്. ആറാം ബ്ലോക്കിന് സമീപത്തെ തെങ്ങിനു മുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ വരെ മൊബൈൽ ഫോണുകൾ ജയിൽ അധികൃതർ കണ്ടെത്തിയിരുന്നു.
രാത്രിപരിശോധനയ്ക്കിടെ തെങ്ങിൻ മുകളിൽ പ്രകാശംകണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.

Comments
Post a Comment