ദുരന്തമായി റാലി; പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി; മരിച്ചവരിൽ 14 സ്ത്രീകളും ആറ് കുട്ടികളും
വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിലുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 33 ആയി. മരിച്ചവരിൽ 14 സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടുന്നു. 58 പേർക്കാണ് തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റത്. 17 പേരുടെ പരുക്ക് ഗുരുതരമാണ്. തിരക്കിൽ ഒരു കുട്ടിയെ കാണാതായി. ഒമ്പതു വയസുകാരിയെയാണ് കാണാതായത്. കുട്ടിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ട്. കരൂർ വേലുച്ചാമിപുരത്താണ് അപകടം നടന്നത്.
ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ആശങ്കാ ജനകമായ സാഹചര്യമെന്നും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. നടപടികൾ ഏകോപിപ്പിക്കാൻ മുൻ മന്ത്രി സെന്തിൽ ബാലാജി കരൂരിലെത്തി.
പതിനായിരത്തോളം പേരെ പ്രതീക്ഷിച്ച റാലിയിൽ ലക്ഷങ്ങളാണ് എത്തിയത്. റാലിയിലെ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി. വിജയ് പ്രസംഗിക്കുന്നതിനിടെ പല തവണ പ്രസംഗം തടസപ്പെട്ടിരുന്നു. ഇതിനിടെയാണ് അപകടത്തെ തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങുകയായിരുന്നു.

Comments
Post a Comment