കണ്ണപുരം സ്‌ഫോടനം; അനൂപ് മാലിക്ക് പിടിയിലായത് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ, ഇന്ന് തെളിവെടുപ്പ് നടത്തും
കണ്ണപുരം: കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനക്കേസിൽ പിടിയിലായ കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്കിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. അനൂപാണ് വീട് വാടകയ്‌ക്കെടുത്തത്.
ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ചാലാട് സ്വദേശി മുഹമ്മദ് ആഷാം (54) മരിച്ചു. ഇയാളുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ് ഇയാൾ. സ്ഫോടനത്തിൽ വീട് പൂർണമായി തകർന്നു. സമീപത്തെ നാലുവീടുകൾക്കും കേടുപാടുണ്ട്.
തകർന്ന വീട്ടിൽ നിന്ന് പൊട്ടാതെ കിടന്ന ഗുണ്ടുകളടക്കം കണ്ടെത്തിയിട്ടുണ്ട്. റിട്ട. അധ്യാപകൻ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുഹമ്മദ് അഷാം അടക്കം രണ്ടുപേരാണ് താമസിച്ചിരുന്നത്.
കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സംഘവുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അനൂപാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് മനസിലായതോടെ ഇയാൾക്കായുള്ള തെരച്ചിൽ തുടങ്ങി. വൈകിട്ടോടെ പിടിയിലായി. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രാത്രിയോടെ അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കണ്ണപുരം സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.
ഇയാൾക്ക് ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന. ഇയാൾ സ്ഫോടകവസ്‌തുക്കൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
അനൂപ് മുമ്പും സ്‌ഫോടനക്കേസുകളിൽ പ്രതിയായിട്ടുണ്ട്. 2016ൽ കണ്ണൂർ പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിൽ അനൂപും കുടുംബവും താമസിച്ചിരുന്ന ഇരുനില വീട്ടിലായിരുന്നു മുമ്പ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ അനൂപ് മാലിക്കിന്റെ ഭാര്യ റാഹില, മകൾ ഹിബ, അയൽവാസികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇരുനില വീട് പൂർണമായി തകർന്നു. സമീപത്തെ 17 വീടുകൾക്കും സാരമായ കേടുപാടുണ്ടായി. ഈ സ്ഫോടനത്തിന്റെ വിചാരണ തലശേരി ജില്ലാ അഡിഷണൽ കോടതിയിൽ പുരോഗമിക്കുകയാണ്.
അനൂപ് മാലിക്കിനെതിരെ കണ്ണൂർ, വളപട്ടണം, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചുകേസുകൾ നിലവിലുണ്ട്. അനൂപ് സ്ഥിരം കുറ്റവാളിയാണെന്ന് മനസിലായതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്.

Comments
Post a Comment