കണ്ണൂർ : മരുമകളെ കർണാടകയിൽ കൊല്ലപ്പെട്ട സംഭവം ആൺ സുഹൃത്ത് അറസ്റ്റിൽ.
ഇരിക്കൂറിലെ വീട്ടിൽ നിന്ന് 30 പവനും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്; മരുമകളെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ, സുഹൃത്ത് അറസ്റ്റിൽ.
ഇരിക്കൂർ: കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ സുമതയുടെ മകൻ സുഭാഷിന്റെ ഭാര്യ കർണാടക ഹുന്‍സുര്‍ ബിലിക്കരെ സ്വദേശിനി ദർശിത (22)യെ കർണാടക മൈസൂരു സാലിഗ്രാമത്തിലെ ലോഡ്‌ജിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെയാണ് ദർശിത കൊല്ലപ്പെട്ട വിവരം ഇരിട്ടി പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ചയാണ് കല്യാട് സിബ്‌ഗ കോളേജിനു സമീപം പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ മോഷണം നടന്നത്.
ദർശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണുള്ളത്. സുമതയും മറ്റൊരു മകൻ സൂരജും വെള്ളിയാഴ്‌ച രാവിലെ ചെങ്കൽപണയിൽ ജോലിക്ക് പോയതായിരുന്നു. ഇവർ പോയതിന് പിന്നാലെയാണ് ദർശിതയും രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്.
സുമത വൈകീട്ട് 4:30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മോഷണത്തിൻ്റെ അന്വേഷണത്തിന്റെ ഭാഗമായി ദർശിതയോട് വിവരങ്ങൾ അന്വേഷിക്കാൻ പോലീസ് ബന്ധപ്പെട്ടപ്പോൾ ലഭ്യമായിരുന്നില്ല. ദർശിതയുടെ കൊലപാതകത്തിൽ ആൺ സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു. സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രാവിലെ ക്ഷേത്രത്തിൽ പോയതിന് ശേഷം ലോഡ്‌ജിൽ റൂമെടുത്തു. ഇതിന് ശേഷം പുറത്ത്പോയി താൻ ഭക്ഷണം വാങ്ങിതിരിച്ചുവന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കാണുന്നതെന്നാണ് ഇയാൾ ആദ്യം പോലീസിന് മൊഴി നൽകിയത്.

Comments
Post a Comment