ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍.
പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും.
രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക.
ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും.
ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും.
ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക.
യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി.
എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.
വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്.
അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും.
ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.
മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.

Comments
Post a Comment