മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും: ഒടുവില്‍
ഇരിട്ടി: മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്ത് നിന്നത് മണിക്കൂറുകളോളം.
മുഹൂര്‍ത്തം തെറ്റി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് എത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസം നേരെ വീണത്.
ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരം സ്വദേശിയായ വരന് അയച്ച് കൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്.
വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവ ക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ച് കൊടുത്തത്.
ഇതോടെ മുഹൂര്‍ത്തത്തിന് താലി കെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്ര ജീവനക്കാരനെ പരികര്‍മി ആക്കേണ്ടിയും വന്നു.
വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളി കീഴൂര്‍ ശിവ ക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് കുറച്ച് സമയത്തിന് ശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.
എന്നാല്‍ എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിൽ ആയിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ച് കൊടുത്തത് തെറ്റായ ഗൂഗിള്‍ ലൊക്കേഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത്.
'ഞങ്ങളെത്തി നിങ്ങള്‍ എവിടെ' എന്ന വരന്റെ സംഘത്തിന്റെ ചോദ്യത്തെ തുടർന്നാണ് വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ൽ അധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.
ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു.
ഒന്നരയോടെ വരന്‍ ക്ഷേത്രത്തിൽ എത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ ക്ഷേത്രനടയില്‍ വച്ച് താലി ചാര്‍ത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
പെണ്ണ് കാണല്‍ ചടങ്ങിന് വരന്‍ വധുവിന്റെ വീട്ടിൽ എത്തിയിരുന്നു എങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാര്‍ നിശ്ചയിച്ച ഇരിട്ടിയിലെ കീഴൂർ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് ഗൂഗിള്‍ ലൊക്കേഷന്റെ സഹായം തേടിയത്.

Comments
Post a Comment