എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്; തളിപ്പറമ്പ് ഡിവിഷൻ ജേതാക്കൾ

 എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്; തളിപ്പറമ്പ് ഡിവിഷൻ ജേതാക്കൾ





സാമൂഹിക പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കാൻ കഴിയാതെ വിപ്ലവ പ്രസ്ഥാനമെന്ന് വീമ്പിളക്കുന്നവർക്ക് അജണ്ടകൾ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, അരാജകത്വത്തെ ആഘോഷിക്കുക അവർ പ്രവർത്തന രീതിയായി സ്വീകരിച്ചിരിക്കുകയാണെന്നും എസ് എസ് എഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅ്ഫർ സ്വദിഖ് പറഞ്ഞു. തലശ്ശേരിയിൽ നടന്ന എസ് എസ് എഫ് കണ്ണൂർ ജില്ല സാഹിത്യോത്സവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി പ്രശ്നങ്ങളിൽ നിന്നും രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് അവർ ചെയ്യുന്നത്. ധാർമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സാമൂഹിക ജീവിത സംസ്കാരമാണ് നമ്മുടെ പാരമ്പര്യം. പടിഞ്ഞാറിലും യൂറോപ്പിലും പരാജയപ്പെട്ട ജീവിത വൃവസ്ഥിതികളെ അപ്പാടെ പകർത്താൻ ശ്രമിക്കുകയാണ്. അരാജകത്വത്തിലേക്ക് നയിക്കുന്ന ലൈംഗിക സ്വാതന്ത്ര്യമാണ് പുരോഗമനം എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് അവർ. മഹത്തായ സംസ്കാരത്തെ നിലനിർത്താൻ ധാർമിക മൂല്യങ്ങളെ ഉദ്ഘോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യത്തെയും കലയേയും കമ്പോളത്തിന്റെ ഇഛയ്ക്കനുസരിച്ച് വില്പന നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാന്മാരായ സാഹിത്യ സാംസ്കാരിക നായകർക്ക് സ്വന്തം ഭാഷയേയും സാഹിത്യത്തേയും തള്ളിപ്പറയേണ്ടി വന്ന സാഹചര്യമുണ്ടായിരിക്കുന്നു. മൂല്യങ്ങളേയും സാമൂഹ്യ ബോധമുള്ള ആശയങ്ങളേയും വിട്ട് കമ്പോളത്തിന്റെ പിന്നാലെ ഓടുന്ന സാഹിത്യ സംസ്കാരത്തിനേറ്റ കനത്ത പ്രഹരമാണ് അത്. കലയും സാഹിതീയ പ്രവർത്തനങ്ങളും സമൂഹത്തിന്റെ പരിഛേദങ്ങളായി മാറണമെന്നും, സാമൂഹിക വിഷയങ്ങളെ ഏറ്റവും നന്നായി പ്രകടിപ്പിക്കാനാവുന്നതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അനസ് അമാനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹബീബ് തൻവീർ കൂത്തുപറമ്പിനെ അനുസ്മരിച്ച് എസ്.എസ്.എഫ് കേരള മുൻ സംസ്ഥാന പ്രസിഡണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. 29 മത് ജില്ലാ സാഹിത്യോത്സവിൽ 578 പോയൻ്റ് നേടി തളിപ്പറമ്പ ഡിവിഷൻ ജേതാക്കളായി. 518, 420 പോയിൻ്റുകൾ നേടി ഇരിട്ടി, പെരിങ്ങത്തൂർ ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർസെക്കൻഡറി വിഭാഗത്തിലെ സഫുവാൻ പെരിങ്ങത്തൂർ കലാപ്രതിഭയായും എൽ.പി വിഭാഗത്തിൽ നിന്നുള്ള നബ്ഹാൻ നൗഷാദ് കണ്ണൂർ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കളായ തളിപ്പറമ്പ ഡിവിഷന് പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ഇരിട്ടി ഡിവിഷന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ. യു.സി.അബ്ദുൽ മജീദ് ഫസ്റ്റ് റണ്ണർഅപ് ട്രോഫിയും മൂന്നാം സ്ഥാനം നേടിയ പെരിങ്ങത്തൂർ ഡിവിഷന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് അലിക്കുഞ്ഞി ദാരിമി സെക്കൻ്റ് റണ്ണർഅപ് ട്രോഫിയും നൽകി. റഷീദ് ദാരിമി, ഹാമിദ് മാസ്റ്റർ ചൊവ്വ, അബ്ദുറഷീദ് മാസ്റ്റർ, അലി മൊഗ്രാൽ, ഫിർദൗസ് സഖാഫി കടവത്തൂർ പങ്കെടുത്തു. ഷംസീർ കടാങ്കോട് സ്വാഗതവും സൈഫുദ്ദീൻ. ടി.പി. നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം