കണ്ണാടിപ്പറമ്പ് സ്കൂളിൽ പിടിഎ തെരഞ്ഞെടുപ്പ് വിവാദത്തിൽ; ഏകപക്ഷീയമായ കമ്മിറ്റിക്കെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയിലേക്ക്

 



കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ ഉത്തരവുകളും സുതാര്യതയും ജനാധിപത്യപരമായ നടപടികളും കാറ്റിൽപ്പറത്തി നടത്തിയ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്. തെരഞ്ഞെടുപ്പ് അട്ടിമറിച്ച നടപടിക്കെതിരെ ബൈജു കെ ഉൾപ്പെടെയുള്ള രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് പരാതി സമർപ്പിക്കുകയും തെരഞ്ഞെടുപ്പ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 കഴിഞ്ഞ സെപ്റ്റംബർ 28-ന് ഉച്ചയ്ക്ക് 2:30-ന് സ്കൂളിൽ ചേർന്ന പിടിഎ ജനറൽ ബോഡി യോഗത്തിലാണ് അട്ടിമറി നാടകങ്ങൾ അരങ്ങേറിയത്. നിലവിലുള്ള പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ അംഗങ്ങൾക്കായി സ്വന്തം പാനൽ അവതരിപ്പിച്ചെങ്കിലും യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് രക്ഷിതാക്കളിൽ പെട്ട 11 അംഗങ്ങൾ ഉൾപ്പെടുന്ന ബദൽ പാനൽ യോഗ അധ്യക്ഷന് മുമ്പാകെ സമർപ്പിക്കുകയും, പങ്കെടുത്ത 30-ലധികം രക്ഷിതാക്കൾ രേഖാമൂലം ഇതേ പാനലിനെ പിന്തുണച്ച് പകര്‍പ്പ് നല്‍കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ സജീവൻ മാസ്റ്റർ, നിർദ്ദേശകന്റെയോ പിന്താങ്ങുന്നയാളുടെയോ പേരോ ഒപ്പോ അപേക്ഷയിൽ ഇല്ലെന്ന നിസ്സാര സാങ്കേതികത്വം പറഞ്ഞ് 30-ലധികം ആളുകൾ നൽകിയ ബദൽ പാനൽ പൂർണ്ണമായും തള്ളിക്കളയുകയും നിലവിലെ കമ്മിറ്റിയുടെ പാനൽ ഏകപക്ഷീയമായി അംഗീകരിക്കുകയുമായിരുന്നു.

 ഈ നടപടി സർക്കാരുത്തരവുകൾക്കും (G.O.(MS) No. 25/06/2007, G.O.(MS) No. 126/2007/G.Edn, G.O.(MS) No. 142/2007/G.Edn) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകൾക്കും ബഹുമാനപ്പെട്ട ഹൈക്കോടതി വിധികൾക്കും (WP(C) No. 27245/2012 & WP(C) No. 31011/2018) പൂർണ്ണമായും വിരുദ്ധമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് റിട്ടേണിംഗ് ഓഫീസർ ആരാണെന്ന് അധ്യക്ഷനോ, പ്രിൻസിപ്പലോ, ഹെഡ്മാസ്റ്ററോ പ്രഖ്യാപിക്കുകയോ, തെരഞ്ഞെടുപ്പ് നടപടികളും പാനൽ സമർപ്പിക്കേണ്ട ഫോർമാറ്റും വിശദീകരിക്കുകയോ ചെയ്തിട്ടില്ല. ഫോർമാറ്റ് ഹാളിൽ പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിരുന്നില്ല. ഒപ്പുകളില്ലെന്ന കാരണം പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന അംഗങ്ങൾ അപേക്ഷ തിരികെ നൽകാനും ഒപ്പുവെച്ചു തരാമെന്നും ആവശ്യപ്പെട്ടെങ്കിലും അതിന് അനുവാദം നൽകാതെ ധിക്കാരപൂർവ്വം സ്വാഭാവിക നീതി നിഷേധിക്കുകയാണ് ചെയ്തത്.


 ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബദൽ പാനൽ തള്ളിയതെന്ന് ചോദിച്ചപ്പോൾ കൃത്യമായ സർക്കുലറുകൾ കാണിക്കുന്നതിന് പകരം, സ്കൂളിലെ രക്ഷിതാവ് പോലുമല്ലാത്ത ഒരു പുറത്തുനിന്നുള്ള രാഷ്ട്രീയ പാർട്ടി നേതാവ് ഫോണിൽ കാണിച്ചു കൊടുത്ത വിവരങ്ങൾ വായിക്കുകയാണ് സജീവൻ മാസ്റ്റർ ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗ്ഗനിർദ്ദേശങ്ങൾ (H1/11055/2022/DGE) കാറ്റിൽപ്പറത്തി പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാവിന്റെ നിർദ്ദേശാനുസരണമാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. തുടർന്ന് സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ രക്ഷിതാക്കൾ തടസ്സവാദങ്ങൾക്കടിസ്ഥാനമായ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ട് സ്കൂളിലെത്തിയെങ്കിലും പ്രിൻസിപ്പൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.


 സ്കൂളിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഈ സംഭവങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂളിൽ അടുത്തിടെ നടന്ന വിജയോത്സവ പരിപാടിയിൽ ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരെ മാത്രം പങ്കെടുപ്പിക്കുകയും, കുട്ടികളുടെ കളിസ്ഥലം ഉൾപ്പെടുന്ന എട്ടാം വാർഡിലെ ജനപ്രതിനിധിയെയും സ്കൂളിനോട് ചേര്‍ന്ന് കിടക്കുന്ന പത്താം വാര്‍ഡ് മെംബറെയും രാഷ്ട്രീയ ഉദ്ദേശത്തോടെ ഒഴിവാക്കുകയുമായിരുന്നു. ഈ വിഭാഗീയ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും സജീവൻ മാസ്റ്ററാണെന്ന് ആക്ഷേപമുണ്ട്.


 കൂടാതെ, സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്ന സജീവൻ മാസ്റ്റർ, പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന ഈ പൊതുവിദ്യാലയത്തിൽ കൃത്യമായി ക്ലാസിൽ കയറാതെയും പഠിപ്പിക്കാതെയും മിക്ക സമയവും ഓഫീസിൽ സമയം കളഞ്ഞ് അധ്യയനത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. ക്ലാസിലെ വീഴ്ച ചോദ്യം ചെയ്ത കുട്ടികളെ പ്രതികാരബുദ്ധിയോടെ ശിക്ഷിക്കുകയും തുടർന്ന് കുട്ടികൾ ഇയാളെ കൈയേറ്റം ചെയ്തതിനെ തുടർന്ന് കുറച്ചുകാലം ഇയാൾ അവധിയിൽ പ്രവേശിക്കേണ്ടി വരികയും ചെയ്തിരുന്നു.


 ചട്ടവിരുദ്ധമായി നടത്തിയ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് അടിയന്തരമായി റദ്ദാക്കണമെന്നും, സെപ്റ്റംബർ 28-ലെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് മിനിറ്റ്സ് ബുക്കിൽ ഒപ്പുവെച്ചിട്ടുള്ള യഥാർത്ഥ രക്ഷിതാക്കളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സുതാര്യമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും (DGE) ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്കും മുമ്പാകെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരായ രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം