പൊലീസ് എന്താണ് അന്വേഷിച്ചത്? വിവിഐപിയുടെ മകളായിരുന്നെങ്കില്‍ ഇതുണ്ടാകുമോ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
പൈവളികെയില്‍ നിന്ന് 26 ദിവസം മുമ്ബ് കാണാതായ പതിനഞ്ചുകാരിയെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. സംഭവത്തില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി.
കാണാതായി ആഴ്‌ചകള്‍ പിന്നിട്ടിട്ടും പൊലീസ് എന്താണ് അന്വേഷിച്ചത്? ഒരു വിവിഐപിയുടെ മകളെയാണ് കാണാതായതെങ്കില്‍ പൊലീസ് ഇങ്ങനെ ആയിരിക്കുമോ പ്രവർത്തിക്കുക. നിയമത്തിന് മുന്നില്‍ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി വ്യക്തമാക്കി. കേസ് ഡയറിയുമായി നാളെ ഹാജരാകാനും അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിർദേശിച്ചു.
പതിനഞ്ചുകാരിയെയും അതേദിവസം തന്നെ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ പൈവളികെ കൂടമേല്‍ക്കള മണ്ടേകാപ്പിലെ പ്രദീപ് കുമാറിനെയും (42) പെണ്‍കുട്ടിയുടെ വീടിന് സമീപം ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. പെണ്‍കുട്ടിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് അവിവാഹിതനായ പ്രദീപ്. മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടത്തില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം നടന്നത്. ഉണങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹാവശിഷ്ടങ്ങള്‍ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റർമാത്രം അകലെയുള്ള ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടക്കത്തില്‍ ഇരുവരുടേയും മൊബൈല്‍ ലൊക്കേഷൻ മനസിലാക്കി ഇതിനടുത്തടക്കം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കർണാടകയിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തില്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ നൂറോളം പൊലീസുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപം കോഴി ഫാം ഉള്ളതിനാലാണ് ദുർഗന്ധം അറിയാത്തതെന്ന് പൊലീസ് പറഞ്ഞു.
Comments
Post a Comment