ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ1 ജനുവരി ആറിന് ലഗ്രാഞ്ച് പോയന്‍റിൽ

 



ബംഗളൂരു : സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയന്‍റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്‍റിൽ എത്തുന്നതിന്‍റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്‍റിൽ എത്തിക്കും. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ഉപയോഗപ്രദമായ വിലപ്പെട്ട വിവരങ്ങൾ ആദിത്യ എൽ1 ശേഖരിക്കും. സൂര്യന്‍റെ ചലനാത്മകതയെ കുറിച്ചും അത് മനുഷ്യ ജീവിതത്തെ ഏത് വിധത്തിൽ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഈ വിവരങ്ങൾ ഉപയോഗപ്പെടുമെന്നും എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.


സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും. അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം