ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം




ധർമ്മശാല:

ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളത്തിന് കണ്ണൂർ എഞ്ചിനിയറിംഗ് കോളേജിൽ തുടക്കമായി. മാലിന്യ സംസ്‌കരണവും- സാങ്കേതിക വിദ്യകളും ജനപങ്കാളിത്തവും എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസ്ഥാന എൻവയോൺമെന്റ് അപ്രൈസർ കമ്മിറ്റി ചെയർമാൻ ഡോ അജയകുമാർ വർമ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും മുൻസിപ്പൽ ചെയർമാനുമായ കെ മുകുന്ദൻ അധ്യക്ഷനായി. സമ്മേളന സപ്ലിമെന്റ് മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യമാള ആന്തൂർ നഗരസഭാ സാമൂഹ്യ ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം ആമിന ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പരിഷത് സംഘടിപ്പിച്ച സംസ്ഥാന വികസന പദയാത്രയിൽ 34 ദിവസം സഞ്ചരിച്ച പ്രവർത്തകരെ പരിഷത് മുൻ സംസ്ഥാന പ്രസിഡന്റുമാരായ ടി ഗംഗാധരൻ, ഒഎം ശങ്കരൻ എന്നിവർ അനുമോദിച്ചു. കൗൺസിലർമാരായ സി ബാലകൃഷ്ണൻ, കെ പ്രകാശൻ, ഓമന മുരളീധരൻ, പരിഷത് മുൻ ജനറൽ സെക്രട്ടറി വിവി ശ്രിനവാസൻ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ എം ദിവാകരൻ, പിവി ദിവാകരൻ, കെ വിനോദ്കുമാർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ കെ പി പ്രദീപ്കുമാർ സ്വാഗതവും മേഖലാ സെക്രട്ടറി എം ബിജുമോഹൻ നന്ദിയും പറഞ്ഞു.

   പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി കെ സുധാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി പി ബാബു പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി സി പ്രദോഷ് സംഘടനാ രേഖയും ട്രഷറർ സതീശൻ കസ്തൂരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോ. സെക്രട്ടറി പി സൗമിനി വിട്ട് പിരിഞ്ഞ പരിഷത് പ്രവർത്തകരെ അനുസ്മരിച്ച് സംസാരിച്ചു. നവ സാങ്കേതിക വിദ്യ പ്രതിരോധത്തിന്റെ വഴികൾ എന്ന വിഷയത്തിൽ ടിവി നാരായണനും നടുവിൽ പഞ്ചായത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾ എന്ന വിഷയം ടി കെ ദേവരാജനും അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചക്ക് ശേഷം മേഖലാതല റിപ്പോർട്ടിംഗും നടന്നു. കെ സി പത്മനാഭൻ, ഒ സി ബേബിലത, പി സൗമിനി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സിപി ഹപീന്ദ്രൻ കൺവീനറായി പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

  ഞായറാഴ്ച രാവിലെ 8.45ന് ആന്തൂർ നഗരസഭ ഹരിത കർമസേനയുടെ സംഗീതശിൽപ്പം അവതരണം നടക്കും. തുടർന്ന് റിപ്പോർട്ട് ചർച്ചക്കുള്ള മറുപടി, ഭാവി പ്രവർത്തന ചർച്ച, പുതിയ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളയും തെരഞ്ഞെടുക്കും. ജില്ലയിലെ പരിഷത് അംഗങ്ങളെ പ്രതിനിധീകരിച്ച് 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.



മാലിന്യം സംസ്‌കരണം പൂർണമായും ഓവർ ഫ്‌ളോ വെസ്റ്റ് മാനേജ്‌മെന്റിലേക്ക് മാറണം: ഡോ അജയകുമാർ വർമ

ധർമ്മശാല

മാലിന്യം സംസ്‌കരിക്കുന്ന താപ വൈദ്യുതി നിലയങ്ങൾ നിർത്തി വെച്ച് ഓവർ ഫ്‌ളോ വെസ്റ്റ് മാനേജ്‌മെന്റിലേക്ക് മാറണമെന്ന് സംസ്ഥാന എൻവയോൺമെന്റ് അപ്രൈസർ കമ്മിറ്റി ചെയർമാൻ ഡോ അജയകുമാർ വർമ പറഞ്ഞു. മാലിന്യ സംസ്‌കരണവും- സാങ്കേതിക വിദ്യകളും ജനപങ്കാളിത്തവും എന്ന വിഷയം അവതരിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം കണ്ണൂർ എഞ്ചിനിയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ അജയകുമാർ.

  താപ മാലിന്യ പ്ലാന്റുകൾ പ്രവർത്തിക്കാൻ ദിവസം 37000 ടൺ മാലിന്യം ആവശ്യമാണ്. രാജ്യത്ത് ആകെ ഒരു ദിവസം ഉൽപാദിപ്പിക്കുന്നത് 30000 ടൺ മാലിന്യം മാത്രമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഇത് താപ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാറ്റുക എന്നുള്ളത് അപ്രായോഗ്യമാണ്. ഇതിന് ബദൽ എന്നുള്ളത് ഉൽപാദന സ്ഥലത്ത് നിന്ന് തന്നെ മാലിന്യം നിർമാർജനം ചെയ്യുക എന്നുള്ളതാണ്.

    ജൈവ മാലിന്യം ഉൽപാദന കേന്ദ്രത്തിൽ നിന്ന് തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യം കേന്ദ്രീകൃതമായി സംസ്‌കരിക്കുകയും വേണം. തന്റെ മാലിന്യം തന്റെ ഉത്തരവാദിത്വം എന്ന ഓവർ ഫ്‌ളോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ശക്തമായി നടപ്പാക്കാൻ കഴിയണം. കേരളത്തിൽ ഇതിന് ഒട്ടേറെ മാതൃകയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ നഗരസഭകൾ നടപ്പാക്കിയ ഈ പദ്ധതി വ്യാപകമാക്കാൻ സാധിക്കണം. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മാലിന്യത്തിൽ 70-75 ശതമാനം അഴുകുന്ന മാലിന്യമാണ്. ഇത് 24 മണിക്കൂറിൽ കൂടുതൽ സമയം വെക്കാൻ സാധിക്കില്ല മണം വരും. 12 മണിക്കൂർ കൂടി കഴിഞ്ഞാൽ പുഴു വരും. അതു കൊണ്ട് കേരളത്തിന്റെ സംസ്‌കാരം വെച്ച് ഇത് കൂടുതൽ സമയം സൂക്ഷിക്കാൻ സാധിക്കില്ല. മണ്ണിര കമ്പോസ്റ്റ്, വെർമി കമ്പോസ്റ്റ് മാതൃകയിൽ കൂടി വളം നിർമിക്കുകയും ഗ്യാസ് ഉൽപാദിപ്പിച്ച് ഊർജോൽപാദനത്തിലേക്ക് പോകുകയുമാണ് മാർഗം.

      90കൾക്ക് ശേഷം പ്ലാസ്റ്റിക്ക് ഉപയോഗം വ്യാപകമായതാണ് മാലിന്യം വർധിക്കാൻ കാരണമായത്. ഇവിടെ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിൽ 50-55 ശതമാനം വീടുകളിൽ നിന്നാണ്. 25-30 ശതമാനം ആശുപത്രികൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്നതാണ്. അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദേശസ്വയം ഭരണ സ്ഥാപനങ്ങൾ നിർബന്ധമായും ശേഖരിച്ച് പ്രത്യേക കേന്ദ്രത്തിൽ നിന്ന് സംസ്‌കരിക്കാൻ തയ്യാറാകണം. ജൈവ മാലിന്യം അതാത് കേന്ദ്രങ്ങളിൽ നിന്നും സംസ്‌കരിക്കണം. ഇതിന് വേണ്ടി വ്യാപകമായ ബോധവൽക്കരണവും നിയമം വഴി ശക്തമായി നടപ്പാക്കുകയും വേണമെന്നും അജയകുമാർ വർമ പറഞ്ഞു. സംഘാടക സമിതി ചെയർമാനും മുൻസിപ്പൽ ചെയർമാനുമായ കെ മുകുന്ദൻ അധ്യക്ഷനായി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം