എഐ ക്യാമറ: 20 മുതൽ പിഴ;. ടൂ വീലറിലെ മൂന്നാമൻ 12 വയസിൽ താഴെയാണെങ്കിൽ ഇളവ്



തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ എഐ ക്യാമറാ പദ്ധതി അനുസരിച്ച് റോഡിലെ ഗതാഗതനിയമലംഘനത്തിന് പിഴ ഈടാക്കുന്നത് മെയ് 20 മുതൽ ആയിരിക്കും. മനോരമ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഈ മാസം 20 മുതൽ പിഴ ഈടാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്. ബോധവൽക്കരണത്തിന്‍റെ ഭാഗമായി മെയ് 19 വരെ പിഴ ഈടാക്കില്ല.

അതേസമയം ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴ ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ മെയ് 10ന് ഉന്നതതലയോഗം ചേരും. പിഴയിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനും ആലോചിച്ചിരുന്നു.


ഏപ്രിൽ 20നാണ് ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താനുള്ള എഐ ക്യാമറ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 726 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്.


തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് പകുതിയോളമായി കുറഞ്ഞിട്ടുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കുന്നു.


വെള്ളിയാഴ്ച 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം