ഉറങ്ങുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല': ഏഴ് വർഷം ഷാർജയിലെ തെരുവിൽ, പ്രവാസത്തിന്റെ വിങ്ങലായി ഷാജഹാൻ മടങ്ങി; 'വാപ്പയെ കാണണം' എന്ന് കണ്ണീരോടെ മകൾ.

 




ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത ചൂടും തണുപ്പുമേറ്റ് കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് പ്രവാസ ലോകത്തെ കണ്ണീരോർമ്മയായി മടങ്ങിയത്. പാർക്ക് ബഞ്ചിൽ ഉറങ്ങുകയാണെന്ന് കരുതി മണിക്കൂറുകളോളം ആരും ശ്രദ്ധിക്കാതിരുന്നപ്പോഴാണ് മരണം സംഭവിച്ചത്.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ ഭാരവുമായാണ് ഷാജഹാൻ കഴിഞ്ഞിരുന്നത്. 26 വർഷം മുൻപ് സൗദിയിലെത്തിയ അദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് 10 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഏഴ് വർഷം മുൻപാണ് യു.എ.ഇയിലെത്തുന്നത്. എന്നാൽ കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ ചടങ്ങുകൾക്ക് പോലും ഷാജഹാൻ എത്തിയിരുന്നില്ല.

കടുത്ത പ്രമേഹബാധിതനായിരുന്ന ഷാജഹാൻ, അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മറ്റ് നിരാലംബരായ പ്രവാസികൾക്കൊപ്പം കഴിഞ്ഞ് കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്. പള്ളികളിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റി ദിവസങ്ങൾ തള്ളിനീക്കി. സാമൂഹിക പ്രവർത്തക മായ ഉൾപ്പെടെയുള്ളവർ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും സ്വന്തം അവസ്ഥ ആരോടും പങ്കുവെക്കാൻ അദ്ദേഹം താൽപ്പര്യപ്പെട്ടിരുന്നില്ല.

മരണവിവരമറിഞ്ഞതോടെ നാട്ടിലുള്ള മകൾ തസ്നിം കണ്ണീരണിഞ്ഞ് വാപ്പയുടെ മുഖം അവസാനമായി ഒരുനോക്ക് കാണാനുള്ള സഹായം അഭ്യർത്ഥിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.