കണ്ണൂർ ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ജനുവരി 15 നകം റോബോട്ടിക്സ് പരിശീലനം നൽകും.

 



കണ്ണൂർ:  ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ജനുവരി 15 നകം റോബോട്ടിക്സ് പരിശീലനം നൽകും.


പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്.


രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് എന്നിവയെ കുറിച്ച് അവബോധം നൽകും.


തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ്, ബ്രെഡ് ബോർഡ്, എൽഇഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും. രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്.


പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്ത് പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമ്മിക്കും.


ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.