മട്ടന്നൂരിൽ കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ

 



മട്ടന്നൂർ: തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി. പാലക്കാട്‌ അലനെല്ലൂർ സ്വദേശി എം നവാസ് (അളിയൻ നവാസ്) ആണ് കാട്ടിക്കുളത്ത് വെച്ച് മട്ടന്നൂർ പോലീസിന്റെ പിടിയിലായത്.


തെരൂർ പാലയോട്ട് ടി. നാരായണന്റെ പൗർണമി വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ ഡിസംബർ 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗ‌ളൂരുവിലെ വീട്ടിൽ പോയതായിരുന്നു. ഡിസംബർ 28 ന് രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിച്ച് കവർച്ച നടത്തിയതായി കണ്ടത്.


കവർച്ച നടത്തിയതിന്റെ തലേ ദിവസം അടഞ്ഞു കിടക്കുന്ന വീട് നിരീക്ഷിച്ചു പിറ്റേ ദിവസം രാത്രിയോടെ ആയുധങ്ങളുമായി വീടിനു സമീപത്ത് മണിക്കൂറുകളോളം ഒളിച്ചിരുന്ന് പരിസരം നിരീക്ഷിച്ചതിനു ശേഷമാണു അർദ്ധ രാത്രിയിൽ 12 മണിയോടെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുൻവശം വാതിൽ കുത്തി തുറന്ന് അകത്ത് കയറി അലമാരയിൽ നിന്നും സ്വർണവും പണവുമെടുത്ത് വീട്ടിലുണ്ടായിരുന്ന സിസിടിവി കാമറകളും തകർത്ത് കടന്നു കളയുകയായിരുന്നു.


ശേഷം സ്വർണവും പണവും ഉപയോഗിച്ച് കർണാടകയിലും കേരളത്തിലുമായി വിവിധയിടങ്ങളിൽ യാത്ര ചെയ്ത് ലോഡ്ജ്കളിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. പഴുതടച്ച അന്വേഷണം

കവർച്ച നടത്തി സിസിടിവി നശിപ്പിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതിയെ മട്ടന്നൂർ ഇൻസ്‌പെക്ടർ എം വി ബിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ സി പി ലിനേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവം നടന്ന വീടിന്റെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ പരിശോധിച്ചു ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പ്രതി നവാസ് പുതുവത്സര ദിനത്തിൽ കാട്ടികുളത്ത് വെച്ച് പിടിയിലാവുന്നത്.


സബ് ഇൻസ്‌പെക്ടർമാരായ സി പി ലിനേഷ്, റാം മോഹൻ,എ എസ് ഐ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിറാജ്ജുദ്ധീൻ സിവിൽ പോലീസ് ഓഫീസർ മാരായ കെ വി ധനേഷ് കെ രതീഷ്, സി എസ് ഷംസീർ അഹമ്മദ്‌, സി പി അനീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.