കണ്ണൂർ :വിവാഹംആഘോഷിക്കാനായി പടക്കം പൊട്ടിച്ചു;ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അയൽ വീട്ടിലെ നവജാത ശിശു ആശുപത്രിയിൽ
കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചത്. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. തലേന്ന് രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഏറെനേരം കഴിഞ്ഞപ്പോൾ കുഞ്ഞ് സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
എന്നാൽ പിറ്റേന്ന് വൈകീട്ട് വീടിനടുത്തുള്ള വയലിൽ വീണ്ടും ഇവർ പടക്കം പൊട്ടിച്ചു. സാധാരണ പടക്കങ്ങളേക്കാൾ വൻ ശബ്ദമാണുണ്ടായതെന്നും ഇത് കേട്ട് കുഞ്ഞ് അനക്കമറ്റ് ആകെ കുഴഞ്ഞ നിലയിലായെന്നും വീട്ടുകാർ പറഞ്ഞു. ആകെ ഭയന്നുവിറച്ച വീട്ടുകാർ കുഞ്ഞിന്റെ കാൽ വെള്ളയിൽ അടിച്ചപ്പോൾ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് വീണ്ടും തളർന്ന് കിടന്നു. ഗർഭിണിയായ കുഞ്ഞിന്റെ മാതൃസഹോദരിക്കും പടക്കങ്ങളുടെ ശബ്ദം കേട്ട് അസ്വസ്ഥകൾ അനുഭവപ്പെട്ടു. കുഞ്ഞിന് പ്രശ്നങ്ങളുണ്ടെന്നും ശബ്ദം കുറക്കണമെന്നും കല്യാണ വീട്ടിലെത്തി ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ മുഖവിലക്കെടുത്തില്ല. നാലുദിവസമായി കുഞ്ഞ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അഷ്റഫ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments
Post a Comment